തിരുവനന്തപുരം-കണ്ണൂർ 3.5 മണിക്കൂറിൽ; ഇ. ശ്രീധരന്റെ അതിവേഗ റെയിൽപാത പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം-കണ്ണൂർ 3.5 മണിക്കൂറിൽ; ഇ. ശ്രീധരന്റെ അതിവേഗ റെയിൽപാത പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത്


തിരുവനന്തപുരം:  തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വെറും മൂന്നര മണിക്കൂറിൽ യാത്ര സാധ്യമാക്കുന്ന അതിവേഗ റെയിൽപാത പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പദ്ധതിയുടെ രൂപരേഖ ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം പൂജപ്പുരയിൽ നിന്ന് കണ്ണൂർ മുണ്ടയാട് വരെ 473.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർദേശിച്ചിരിക്കുന്നത്. ആകെ 23 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. തിരുവനന്തപുരത്ത് 6.5 കിലോമീറ്റർ തുരങ്കപാതയും ശേഷിക്കുന്ന ഭാഗം പൂർണമായും ആകാശപാതയുമായിരിക്കും.

തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളെ നേരിട്ട് റെയിൽപാതയുമായി ബന്ധിപ്പിക്കും. കണ്ണൂർ വിമാനത്താവളത്തിലേക്ക് 10 കിലോമീറ്റർ റോഡ് കണക്ടിവിറ്റിയും ഒരുക്കും. സ്റ്റാൻഡേർഡ് ഗേജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ നിർമാണച്ചെലവും പരിപാലനച്ചെലവും കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

ശരാശരി 21.5 കിലോമീറ്റർ ഇടവിട്ടായിരിക്കും സ്റ്റേഷനുകൾ. മണിക്കൂറിൽ 200 കിലോമീറ്റർ പരമാവധി വേഗതയുള്ള ട്രെയിനുകൾ 140 കിലോമീറ്റർ സർവീസ് വേഗതയിൽ ഓടും. ആദ്യഘട്ടത്തിൽ 12 കോച്ചുകളുള്ള, 800 യാത്രക്കാർക്ക് ഇരിക്കാവുന്ന ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുക. ഭാവിയിൽ 16 കോച്ചുകളിലേക്ക് വികസിപ്പിക്കാൻ കഴിയുന്ന രീതിയിലാകും പ്ലാറ്റ്‌ഫോമുകളുടെ നിർമാണം.

തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ട് സർവീസുകൾ നടത്താനാണ് പദ്ധതി. പ്രതിദിനം 54,400 യാത്രക്കാരെ ലക്ഷ്യമിടുന്ന പദ്ധതിയിൽ, ഭാവിയിൽ പീക്ക് സമയങ്ങളിൽ അഞ്ച് മിനിറ്റിലും മറ്റ് സമയങ്ങളിൽ പത്ത് മിനിറ്റിലും ട്രെയിൻ സർവീസ് നടത്താൻ കഴിയുമെന്നാണ് കണക്ക്. എല്ലാ യാത്രകളും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. നിന്ന് യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ല.

നിർമാണത്തിനായി 20 മീറ്റർ വീതിയിലുള്ള ഭൂമി മാത്രമേ ഏറ്റെടക്കേണ്ടതുള്ളൂ. പാതയുടെ നിർമാണം പൂർത്തിയായ ശേഷം ഭൂമി കൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉടമകൾക്ക് പാട്ടവ്യവസ്ഥയിൽ തിരിച്ചുനൽകാനും കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സൗരോർജം ഉപയോഗിച്ചായിരിക്കും പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുക. അധികമായി ലഭിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് വിൽക്കാനും പദ്ധതിയുണ്ട്.

പദ്ധതിയുടെ ആകെ ചെലവ് 60,000 കോടി രൂപയായി കണക്കാക്കുന്നു. ഇതിൽ 36,000 കോടി രൂപ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 51 ശതമാനം പങ്കാളിത്തത്തിലൂടെയും ബാക്കി 24,000 കോടി രൂപ 49 ശതമാനം ക്രൗഡ് ഫണ്ടിങ്ങിലൂടെയും സമാഹരിക്കാനാണ് നിർദേശം. ഒരു കിലോമീറ്ററിന് ശരാശരി 127 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

സർക്കാർ അനുമതി ലഭിച്ചാൽ അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാമെന്നാണ് റിപ്പോർട്ടിലെ അവകാശവാദം. രണ്ടാംഘട്ടത്തിൽ പാത കാസർകോട് വരെ നീട്ടാനും തുടർന്ന് കോഴിക്കോട്-കൽപ്പറ്റ, പട്ടാമ്പി-പാലക്കാട്, തൃശൂർ-പാലക്കാട് എന്നീ റൂട്ടുകളിലേക്കും വികസിപ്പിക്കാനുമുള്ള സാധ്യതകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.