ലൈംഗിക ചൂഷണത്തിനിരയായ കൗമാരക്കാരിയുമായി ലൈംഗിക ബന്ധം; ഇന്ത്യൻ വംശജനായ ഹോട്ടൽ ജീവനക്കാരന് 10 വർഷം തടവ്

ലൈംഗിക ചൂഷണത്തിനിരയായ കൗമാരക്കാരിയുമായി ലൈംഗിക ബന്ധം; ഇന്ത്യൻ വംശജനായ ഹോട്ടൽ ജീവനക്കാരന് 10 വർഷം തടവ്


ഒമാഹ (അമേരിക്ക): ലൈംഗിക കടത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പണം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കേസിൽ ഇന്ത്യൻ വംശജനായ ഹോട്ടൽ ജീവനക്കാരന് 10 വർഷം തടവുശിക്ഷ. ഗുജറാത്ത് സ്വദേശിയായ 27കാരൻ കവൻകുമാർ പട്ടേലിനെയാണ് നെബ്രാസ്‌കയിലെ ഫെഡറൽ കോടതി ശിക്ഷിച്ചത്.

അമേരിക്കയിലെ നെബ്രാസ്‌ക സംസ്ഥാനത്തെ ഒമാഹയിലെ അമേരിക്കൻ ഇൻ  ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്ന പട്ടേൽ, ലൈംഗിക കടത്തിന് ഇരയായ 15ഉം 16ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റക്കാരനായി കണ്ടെത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവന്ന ഈ കൗമാരക്കാരികളെ വാണിജ്യ ലൈംഗിക ചൂഷണത്തിനായി ഉപയോഗിച്ചിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ.

പെൺകുട്ടികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ, ഹോട്ടൽ മുറികളുടെ നിരക്ക് കുറയ്ക്കുന്നതിനും ഹോട്ടലിൽ നിന്ന് പുറത്താക്കപ്പെടാതിരിക്കാനുമായി ജീവനക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കടത്തുകാർ നിർബന്ധിച്ചിരുന്നുവെന്ന് അവർ മൊഴി നൽകിയതായി അധികൃതർ അറിയിച്ചു.

കേസിൽ കുറ്റം സമ്മതിച്ച പട്ടേൽ, ഹോട്ടലിന്റെ പണം ഉപയോഗിച്ചാണ് കടത്തുകാർക്ക് പണം നൽകി ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പട്ടേലിന് പുറമെ മറ്റ് രണ്ട് ഹോട്ടൽ ജീവനക്കാരും പണം നൽകി പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും മറ്റൊരാൾ മറ്റൊരു കൗമാരക്കാരിയുമായി ബന്ധത്തിലേർപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.

പെൺകുട്ടികളെയും കടത്തുകാരെയും ഹോട്ടലിൽ ദിവസങ്ങളോളം താമസിക്കാൻ ജീവനക്കാർ അനുവദിച്ചിരുന്നു. ഹോട്ടലിൽ നിന്നുതന്നെ വാണിജ്യ ലൈംഗിക സേവനങ്ങൾക്കായുള്ള പരസ്യങ്ങൾ നൽകുകയും ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

2025 ജനുവരി 6ന് ലഭിച്ച ഒരു മോഷണക്കേസിന്റെ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്തെത്തിയ ഒമാഹ പൊലീസ് ഉദ്യോഗസ്ഥർ ലൈംഗിക കടത്തിന്റെ സൂചനകൾ കണ്ടെത്തിയതോടെ ആഭ്യന്തര സുരക്ഷാ വിഭാഗവും പൊലീസും ചേർന്ന് അന്വേഷണം ആരംഭിച്ചു. തുടർന്ന് 15, 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു.

പത്ത് വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം പട്ടേലിന് അഞ്ച് വർഷത്തെ മേൽനോട്ട കാലാവധിയും അനുഭവിക്കേണ്ടിവരും. അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്നയാളായതിനാൽ ശിക്ഷ കഴിഞ്ഞാൽ നാടുകടത്തൽ നടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും സംബന്ധിച്ച് സംശയങ്ങളോ വിവരങ്ങളോ ലഭിക്കുന്നവർ ഉടൻ നിയമപാലകരെ അറിയിക്കണമെന്നും അന്വേഷണ ഏജൻസികൾ അഭ്യർഥിച്ചു.