വാഷിങ്ടൺ: വാഷിങ്ടണിലെ പ്രശസ്ത കലാസാംസ്‌കാരിക കേന്ദ്രമായ കെനഡി സെന്ററിൽ നിന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പേര് നീക്കാൻ ഫെഡറൽ കോടതി ഉത്തരവിട്ടതിനെ തുടർന്ന് ജഡ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തി.
കെനഡി സെന്ററിന്റെ പേരുമാറ്റവും കെട്ടിട നവീകരണവുമായി ബന്ധപ്പെട്ട കേസിൽ യുഎസ് ജില്ലാ ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ നൽകിയ വിധിക്കെതിരെയാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചത്.
കെനഡി സെന്ററിന് അടിയന്തര നവീകരണം ആവശ്യമാണെന്നും കോടിക്കണക്കിന് ഡോളറിന്റെ നിർമ്മാണ സാമഗ്രികളും മറ്റ് സൗകര്യങ്ങളും ഇതിനായി ഓർഡർ ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. തകർച്ചാഭീഷണി നേരിടുന്നതും ജീർണാവസ്ഥയിലായതുമായ കെട്ടിടത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയാണ് കോടതിവിധി തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കോൺഗ്രസിന്റെ അനുമതിയില്ലാതെ കെനഡി സെന്ററിന്റെ പേര് മാറ്റാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ട്രംപിന്റെ പേര് സ്ഥാപനത്തിന്റെ ഔദ്യോഗിക പേരിൽ നിന്നും കെട്ടിടത്തിന്റെ മുൻവശത്തുനിന്നും മറ്റ് ഭൗതിക, ഡിജിറ്റൽ അടയാളങ്ങളിൽ നിന്നും 14 ദിവസത്തിനകം നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
2025 ഫെബ്രുവരിയിൽ കെനഡി സെന്ററിന്റെ ഭരണസമിതിയിലെ നിരവധി അംഗങ്ങളെ ട്രംപ് മാറ്റി പുതിയ അംഗങ്ങളെ നിയമിച്ചിരുന്നു. പിന്നീട് അദ്ദേഹം സ്വയം ട്രസ്റ്റിയായി ചുമതലയേൽക്കുകയും തുടർന്ന് സ്ഥാപനത്തിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അതേ വർഷം ഡിസംബറിൽ കെനഡി സെന്ററിന്റെ പേര് മാറ്റാൻ ഭരണസമിതി തീരുമാനിച്ചു. ഇതിന് പിന്നാലെ കെട്ടിടത്തിന്റെ മുൻഭാഗത്ത് ട്രംപിന്റെ പേര് സ്ഥാപിക്കുകയും ചെയ്തു.
അമേരിക്കയുടെ 250ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെനഡി സെന്ററിന്റെ സമഗ്ര നവീകരണം നടത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോടതിവിധിയോടെ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കെനഡി സെന്ററിൽ നിന്ന് തന്റെ പേര് നീക്കാൻ ഉത്തരവിട്ട ജഡ്ജിക്കെതിരെ ട്രംപിന്റെ രൂക്ഷ വിമർശനം
