കലാകാരൻമാർ പിന്മാറിയതോടെ 'അവർക്കു പകരം താൻ റാലി നടത്തുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

കലാകാരൻമാർ പിന്മാറിയതോടെ 'അവർക്കു പകരം താൻ റാലി നടത്തുമെന്ന് ട്രംപിന്റെ പ്രഖ്യാപനം


വാഷിങ്ടൺ: അമേരിക്കയുടെ 250ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഷിങ്ടണിലെ നാഷണൽ മാളിൽ സംഘടിപ്പിക്കുന്ന 'ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ' പരിപാടിയിൽ നിന്ന് പ്രമുഖ കലാകാരൻമാർ പിന്മാറിയതിനെ തുടർന്ന് പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പിന്മാറിയ കലാകാരൻമാർക്ക് പകരം താൻ തന്നെ റാലി സംഘടിപ്പിക്കുമെന്ന് ട്രംപ് അറിയിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. 'വലിയ പ്രതിഫലം വാങ്ങുന്ന മൂന്നാംകിട കലാകാരൻമാർക്ക് പകരമായി ഞാൻ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഒരു വലിയ പ്രസംഗവും റാലിയും നടത്തും' എന്നാണ് ട്രംപ് കുറിച്ചത്.

അമേരിക്കയുടെ 250ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് 'ഫ്രീഡം 250' എന്ന സംഘടന നാഷണൽ മാളിൽ 'ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ' സംഘടിപ്പിക്കുന്നത്. എന്നാൽ പരിപാടി രാഷ്ട്രീയനിരപേക്ഷമാണെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് ട്രംപുമായി അടുത്ത ബന്ധമുള്ള പരിപാടിയാണെന്ന് മനസ്സിലായതിനെ തുടർന്നാണ് പല കലാകാരൻമാരും പിന്മാറിയത്.

പ്രശസ്ത ഗായിക മാർട്ടിന മാക്‌ബ്രൈഡ്, സംഗീതജ്ഞൻ ബ്രെറ്റ് മൈക്കൽസ് , റാപ്പർ യംഗ് എംസി, ദി കോമോഡോർസ് അടക്കമുള്ളവർ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു.

പരിപാടി 50 സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ആഘോഷിക്കുന്ന രാഷ്ട്രീയനിരപേക്ഷ വേദിയാണെന്നായിരുന്നു തങ്ങൾക്ക് ആദ്യം ലഭിച്ച വിവരമെന്ന് മാർട്ടിന മക്‌ബ്രൈഡ് പറഞ്ഞു. എന്നാൽ പിന്നീട് യാഥാർഥ്യം വ്യത്യസ്തമാണെന്ന് മനസ്സിലായതോടെ പിന്മാറുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

യങ് എംസിയും സമാന ആരോപണമാണ് ഉന്നയിച്ചത്. പരിപാടിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന കാര്യം കലാകാരൻമാരെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരിപാടി രാഷ്ട്രീയപരമല്ലെന്നും എല്ലാ അമേരിക്കക്കാരെയും ഒരുമിപ്പിക്കുന്ന ആഘോഷമാണിതെന്നും ഫ്രീഡം 250 വക്താവ് റേച്ചൽ റൈസ്‌നർ പ്രതികരിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ കലാകാരൻമാർക്കും വേദി തുറന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

എന്നാൽ എല്ലാ കലാകാരൻമാരും പിന്മാറിയിട്ടില്ല. പ്രശസ്ത റാപ്പർ വാനില് ഐസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ 250ാം വാർഷികാഘോഷത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികൾ അറിയിച്ചു.

പരിപാടിയെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ ട്രംപിന്റെ റാലി പ്രഖ്യാപനം അമേരിക്കൻ രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.