ഒരുമിച്ച് പിറന്നവർ ഒരുമിച്ച് വിവാഹ ജീവിതത്തിലേക്ക്

ഒരുമിച്ച് പിറന്നവർ ഒരുമിച്ച്  വിവാഹ ജീവിതത്തിലേക്ക്


മൂവര്‍ സഹോദരങ്ങളായ ബ്രയാനും ബ്രോണിയും ബ്രൂസും വിവാഹിതരായത് ഒരേ മുഹൂർത്തത്തിൽ

ഇരുപത്തിയൊൻപത് വർഷങ്ങൾക്ക് മുൻപ് ബ്രയാനും ബ്രോണിയും ബ്രൂസും പിറന്നുവീണത് ഒരേ മുഹൂർത്തത്തിൽ.  29 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മൂവര്‍സഹോദരങ്ങള്‍ വിവാഹ ജീവിതത്തിലേക്ക് ചുവടുവച്ചതും ഒരേ മുഹൂർത്തത്തിൽ. 

ഏപ്രിൽ 18ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിൽ വച്ച് അവർ മിന്നുകെട്ടിയപ്പോൾ ആ കൗതുകക്കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ എത്തിയവരേറെ. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആ മൂവർ സംഘത്തിൻറെ വിവാഹങ്ങൾ ആശിര്‍വദിച്ചു.

കോതമംഗലം കീരംപാറ ചക്കാലക്കുന്നേല്‍ ടോമി ജോസിന്റെയും അധ്യാപികയായ ജെസിയുടെയും മക്കളാണ് മൂവരും. 1995 മാര്‍ച്ച് 5ന് ജനിച്ച ഇവരുടെ പഠനവും ജീവിതം ഏതാണ്ട് ഒരേ വഴിയില്‍ തന്നെയായിരുന്നു. അവർ പന്ത്രണ്ട് വരെ ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചു. പിന്നീട്  ബ്രോണിയും ബ്രൂസും മംഗലാപുരത്ത് ബിഡിഎസിനു ചേര്‍ന്നപ്പോള്‍ ബ്രയാന്‍ എന്‍ജിനിയറിംഗ് തെരഞ്ഞെടുത്തു. 

കരിയര്‍ കളറുള്ളതാക്കാന്‍ യുകെയിലേക്ക് ചേക്കേറിയതും മൂവരും ഒരുമിച്ചു തന്നെ. ബ്രോണിയും ബ്രൂസും ദന്തിസ്റ്റുകളായി പ്രാക്ടീസ് ചെയ്യുകയാണ്. ബ്രയാന്‍ എന്‍ജിനിയറായി ജോലിചെയ്യുന്നു. അവിടെയും മൂവരും ഒരുമിച്ചാണ് താമസം. 

ഡോക്ടര്‍മാരായ ബ്രോണിക്കും ബ്രൂസിനും ജീവിത പങ്കാളികളായി വന്നതും ഡോക്ടര്‍മാര്‍ തന്നെയാണ്. അങ്കമാലി കുന്നപ്പിള്ളി ജുഗുനു ബ്രോണിക്കും തൃശൂര്‍ തെരുവക്കാട്ടില്‍ സിബി ബ്രൂസിനും സ്വന്തം. അയര്‍ലാന്‍ഡിന്‍ ഉപരിപഠനം നടത്തുന്ന പത്തനംതിട്ട ഹൈലാന്‍ഡ്‌സ് കാരനാണ് ബ്രയാന്റെ വധു.