ഗാസ ബന്ദിമോചനം: ഹമാസുമായി യുഎസ് രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നു: റിപ്പോര്‍ട്ട്

ഗാസ ബന്ദിമോചനം: ഹമാസുമായി യുഎസ്  രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നു: റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: ഗാസയില്‍ തടവിലാക്കപ്പെട്ട അമേരിക്കക്കാരെ മോചിപ്പിക്കാനുള്ള വഴികള്‍ തേടി ട്രംപ് ഭരണകൂടം ഹമാസുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ചര്‍ച്ചകളെക്കുറിച്ച് നേരിട്ട് അറിവുള്ള രണ്ട് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് ആക്‌സിയോസ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

1997 ല്‍ ഹമാസിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍, ചര്‍ച്ചകള്‍ക്കായി യുഎസ് നേരിട്ട് ഹമാസുമായി ഇടപെട്ടിട്ടില്ല എന്നാണ് അറിയുന്നത്.

കഴിഞ്ഞ ആഴ്ചകളില്‍ ദോഹയില്‍ ഹമാസുമായി ബന്ദികാര്യങ്ങള്‍ക്കായുള്ള യുഎസ് പ്രസിഡന്റിന്റെ പ്രതിനിധി ആദം ബോഹ്‌ലര്‍ ചര്‍ച്ച നടത്തിയിരുന്നു.

ഹമാസുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയെക്കുറിച്ച് യുഎസ് സര്‍ക്കാര്‍ ഇസ്രായേലുമായി സംസാരിച്ചിരുന്നെങ്കിലും,ചര്‍ച്ച നടത്തിയ വിവരം മറ്റുമാര്‍ഗങ്ങളിലൂടെയാണ് ഇസ്രായേല്‍ അറിഞ്ഞത്.

ഹമാസുമായുള്ള ചര്‍ച്ചകള്‍ അമേരിക്കന്‍ ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നുവെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സമാധാന ഉടമ്പടിയിലെത്തുന്നതിനായി ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള വിശാലമായ കരാറിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് സ്രോതസ്സുകള്‍ പറയുന്നു. എന്നാല്‍ ഇതുവരെ ഒരു കരാറിലും എത്തിച്ചേരാനായിട്ടില്ല.

വെടിനിര്‍ത്തല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രിയെ കാണാന്‍ വൈറ്റ് ഹൗസിലെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്,  പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഹമാസ് താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം യാത്ര റദ്ദാക്കി എന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹമാസിനെ 'നരകത്തിലാക്കുമെന്ന് ' ട്രംപ് ആവര്‍ത്തിച്ച് ഭീഷണിമുഴക്കിയിട്ടുണ്ട്. കൂടാതെ ഗാസയെ യുഎസ് ഏറ്റെടുക്കുമെന്നു പോലും പറഞ്ഞിട്ടുമുണ്ട്. അതേസമയം ഹമാസുമായുള്ള രഹസ്യ ചര്‍ച്ചകളെക്കുറിച്ച് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവില്‍, ഗാസയില്‍ 59 ബന്ദികളാണ് ഹമാസിന്റെ തടവിലുള്ളത്, 35 പേര്‍ മരിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ശേഷിക്കുന്ന ബന്ദികളില്‍ 5 പേര്‍  അമേരിക്കക്കാരാണ്.

ഗാസ ബന്ദി കരാറിന്റെ ആദ്യ ഘട്ടം ശനിയാഴ്ച അവസാനിച്ചിരുന്നു. കരാര്‍ നീട്ടുന്നതിനുള്ള ഒരു ഉടമ്പടിയും ഉണ്ടാക്കിയിട്ടില്ല. യുദ്ധം പുനരാരംഭിച്ചിട്ടില്ലെങ്കിലും, ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും ഇസ്രായേല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ഗാസയെ കടുത്ത ക്ഷാമത്തിലേക്കാണ് നയിക്കുന്നത്.