ലിംഗവിവാദത്തിന് പിന്നാലെ സൈബര്‍ ആക്രണം: എലോണ്‍ മസ്‌കിനും റൗളിങ്ങിനുമെതിരെ നിയമ നടപടിയുമായി വനിത ബോക്‌സര്‍

ലിംഗവിവാദത്തിന് പിന്നാലെ സൈബര്‍ ആക്രണം: എലോണ്‍ മസ്‌കിനും റൗളിങ്ങിനുമെതിരെ നിയമ നടപടിയുമായി വനിത ബോക്‌സര്‍


പാരിസ്: പാരിസ് ഒളിംപിക്സിനിടെ ലിംഗവിവാദത്തില്‍പ്പെട്ട അള്‍ജീരിയന്‍ വനിതാ ബോക്സര്‍ ഇമാന്‍ ഖലീഫിന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ ബോക്സിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയെടുത്ത് ഇമാന്‍ എല്ലാ വിവാദങ്ങള്‍ക്ക് മറുപടി നല്‍കി. പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങിയതിന് പിന്നാലെ, തനിക്ക് നേരിടേണ്ടിവന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇമാന്‍.

ടെസ്ല സിഇഒയും എക്സ് ഉടമയുമായ ഇലോണ്‍ മസ്‌ക്, പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരി ജെ കെ റൗളിങ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ഇമാന്‍ കേസ് നല്‍കിയത്. വെള്ളിയാഴ്ചയാണ് പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസിലെ പ്രത്യേക യൂണിറ്റിന് ഇമാന്‍ പരാതി നല്‍കിയത്. ഇമാനെ അധിക്ഷേപിച്ച് അമേരിക്കന്‍ നീന്തല്‍ താരം റൈലി ഗെയ്ന്‍സിന്റെ പോസ്റ്റ് ഇലോണ്‍ മസ്‌ക് ഷെയര്‍ ചെയ്തിരുന്നു. ജെ കെ റൗളിങ്ങും അള്‍ജീരിയന്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കാന്‍ ഇമാന്‍ തീരുമാനിച്ചത്.