ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോനാ ഇടവകയുടെയും ഈ ഇടകാംഗങ്ങളായ വിവിധ കുടുംബങ്ങളുടെയും നേതൃത്വത്തില്‍ അരുണാചല്‍ പ്രദേശിലെ മിയാവു രൂപതയില്‍ നാല് ദൈവാലയങ്ങളും ഒരു വിദ്യാലയവും നിര്‍മ്മിച്ചു നല്‍കി. തിരുസഭയുടെ മഹാജൂബിലി വര്‍ഷമായ 2025ന്റെ ഭാഗമായാണ് മിഷന്‍ രൂപതയെ സഹായിക്കുന്ന ഈ ബൃഹത്തായ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്.
ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് വ്യക്തിപരമായി ആറ് ദൈവാലയങ്ങള്‍ മിയാവു രൂപതയില്‍ നിര്‍മ്മിച്ചു നല്‍കിയത് ഇടവകാംഗങ്ങള്‍ക്ക് വലിയ പ്രചോദനമായി. ഇതേത്തുടര്‍ന്ന് വികാരിയുടെ പ്രോത്സാഹനത്തോടെ ഇടവകയിലെ വിവിധ കുടുംബങ്ങള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ മുന്നോട്ടുവരികയായിരുന്നു.
നിര്‍മ്മിക്കപ്പെട്ട പദ്ധതികളും സ്‌പോണ്‍സര്‍മാരും: (1) സെന്റ് മേരീസ് ചര്‍ച്ച്: ഇടവകാംഗങ്ങളുടെ പൊതുവായ സഹകരണത്തോടെ. (2) സെന്റ് ജോസഫ് ചര്‍ച്ച്: കുര്യന്‍ & ലീലാമ്മ മൂക്കേട്ട് കുടുംബം. (3) സെന്റ് ജോസഫ് സ്‌കൂള്‍: ജായച്ചന്‍ & തെരേസ തയ്യില്‍പുത്തന്‍പുരയില്‍, (4) സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ച്: ലീലാമ്മ ഫ്രാന്‍സീസ് ഇല്ലിക്കാട്ടില്‍, (5) കോര്‍പ്പസ് ക്രിസ്റ്റി ചര്‍ച്ച്: മാത്യു കൊഴിയംപറമ്പത്ത്.
ദൈവാലയങ്ങളുടെയും സ്‌കൂളിന്റെയും വെഞ്ചരിപ്പുകര്‍മം മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ നിര്‍വഹിച്ചു. കോഹിമാ ബിഷപ്പ് മാര്‍ ജെയിംസ് തോപ്പില്‍, ഫാ. ജോണ്‍ വെട്ടിക്കനാല്‍ ഉള്‍പ്പെടെ അനവധി വൈദികരും സന്യസ്തരും വിവിധ ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. ആദിവാസി സമൂഹങ്ങളുടെ ആകര്‍ഷകമായ കലാരൂപങ്ങള്‍ ചടങ്ങുകളുടെ മാറ്റു വര്‍ധിപ്പിച്ചു.
മിയാവു രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ സ്‌പോണ്‍സര്‍മാരുടെ ഉദാരമായ സംഭാവനകളെയും ഫാ. എബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തെയും അഭിനന്ദിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്തു. പള്ളികളുടെയും സ്‌കൂളുകളുടെയും വെഞ്ചരിപ്പുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇടവകാംഗങ്ങളുടെ ഒരു സംഘം വടക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് മിഷന്‍ തീര്‍ഥാടനം നടത്തി.
യേശുവിന്റെ സുവിശേഷം ലോകമെമ്പാടും എത്തിക്കുക എന്ന സഭയുടെ പ്രാഥമിക ദൗത്യത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സാമ്പത്തികമായും ഭൗതികമായും പിന്നോക്കം നില്‍ക്കുന്ന മിഷന്‍ മേഖലകളെ സഹായിക്കുന്നത് വെറും ജീവകാരുണ്യ പ്രവര്‍ത്തിയല്ല, മറിച്ച് ക്രിസ്തുവിന്റെ സാക്ഷികളാകാനുള്ള വിശ്വാസികളുടെ ഉത്തരവാദിത്തമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സഭയുടെ സ്‌നേഹവും പ്രകാശവും അന്യനാടുകളിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്ന് വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് പ്രസ്താവിച്ചു. സ്‌പോണ്‍സര്‍മാര്‍ക്ക് അദ്ദേഹം നന്ദി അര്‍പ്പിക്കുകയും ഇത്തരം സേവനം മറ്റുള്ളവര്‍ക്കു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
