വാഷിംഗ്ടൺ: ഇറാനുമായി ഇപ്പോൾ സമാധാനകരാർ നടത്താൻ തയ്യാറല്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ കരാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ മതിയായതല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമെനെയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ട്രംപ് സംശയം പ്രകടിപ്പിച്ചു.
ഖമെനെയി ജീവനോടെ ഉണ്ടോ എന്നതിൽ പോലും വ്യക്തതയില്ലെന്നാണ് ട്രംപ് പറഞ്ഞത്. അദ്ദേഹത്തെ ആരും പൊതുവേദിയിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം ജീവനോടെ ഇല്ലെന്ന തരത്തിലുള്ള വിവരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഖമെനെയി മരിച്ചുവെന്ന റിപ്പോർട്ടുകൾ അഭ്യൂഹമാണെന്നും പിന്നീട് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായി കരാർ ഉണ്ടാകണമെങ്കിൽ അത് അമേരിക്ക മുന്നോട്ടുവെയ്ക്കുന്ന ശക്തവും വ്യക്തവുമായ നിബന്ധനകളോടെയായിരിക്കണം എന്നും ട്രംപ് പറഞ്ഞു. കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം ഖമെനെയിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി അറിയിച്ചു. പുതിയ പരമോന്നത നേതാവ് തന്റെ സന്ദേശം ഇതിനകം രാജ്യത്തോട് പങ്കുവച്ചതായും അദ്ദേഹം പറഞ്ഞു. ഖമെനെയി സുരക്ഷിതനാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ മകനും വ്യക്തമാക്കിയിരുന്നു.
അമേരിക്ക-ഇസ്രയേൽ ആക്രമണത്തിൽ ഖമെനെയിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന റിപ്പോർട്ടുകൾ ചില പാശ്ചാത്യ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും റിപ്പോർട്ടുകളിൽ പറയപ്പെട്ടിരുന്നു. എന്നാൽ ഇത്തരം വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
അതിനിടെ ശത്രുക്കളുടെ ആക്രമണങ്ങൾക്ക് ഇറാൻ ശക്തമായി പ്രതികരിക്കുമെന്ന് ഖമെനെയി നടത്തിയ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൊജ്തബ ഖമെനെയിയുടെ ആരോഗ്യത്തെക്കുറിച്ച് സംശയമുന്നയിച്ച് ട്രംപ്് ; ഇറാനുമായി ഇപ്പോൾ കരാർ വേണ്ടെന്ന് അമേരിക്ക
