കേരളത്തിൽ ഒറ്റഘട്ടം;വോട്ടെടുപ്പ് ഏപ്രിൽ 9 ന്

കേരളത്തിൽ ഒറ്റഘട്ടം;വോട്ടെടുപ്പ് ഏപ്രിൽ 9 ന്


ന്യൂഡൽഹി: കേരളത്തിൽ ഏപ്രിൽ 9 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണൽ നടക്കും. അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 2.70 കോടി വോട്ടർമാരുണ്ട്. ഇതിൽ 4.24 ലക്ഷം പുതിയ വോട്ടർമാരാണ്. 100 വയസ്സിന് മുകളിൽ 1571 വോട്ടർമാരുണ്ട്. കേരളത്തിൽ 30471 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വയോധികരും ഭിന്നശേഷിക്കാർക്കും ആയാസം കൂടാതെ വോട്ടു ചെയ്യാൻ സൗകര്യമൊരുക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
എല്ലാ പോളിങ് സ്‌റ്റേഷനുകളിലും ക്രമക്കേട് തടയാൻ പൂർണ സുരക്ഷ ഒരുക്കും. ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഐഡന്റിറ്റി കാർഡ് നൽകും. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കും. ആർക്കും അവസരം നഷ്ടമാകരുത്. അതേസമയം അനർഹർ ഉൾപ്പെടുകയും ചെയ്യരുത്. ജനാധിപത്യ ഉത്സവത്തിൽ യുവജനത പങ്കാളികളാകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിച്ചു.