ഫിഫ ലോകകപ്പ് പരാജയം; ജര്‍മന്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്

ഫിഫ ലോകകപ്പ് പരാജയം; ജര്‍മന്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്


ബെര്‍ലിന്‍: ഫിഫ ലോകകപ്പ് 2026-ല്‍ പ്രീക്വാര്‍ട്ടറിന് (റൗണ്ട് ഓഫ് 32) മുന്‍പേ പരാഗ്വേയോട് തോറ്റ് പുറത്തായതിന് പിന്നാലെ ജര്‍മനിയുടെ മുഖ്യപരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഡി എഫ് ബി) നേതൃത്വവുമായി നടന്ന മൂന്നര മണിക്കൂര്‍ നീണ്ട അവലോകനയോഗത്തിന് ശേഷമാണ് നാഗല്‍സ്മാനോട് രാജിവെക്കാന്‍ നിര്‍ദേശിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്രയും വലിയ നിരാശയ്ക്കുശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ മുന്നോട്ടുപോകാനാകില്ലെന്ന് പരാഗ്വെയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോറ്റതിന് പിന്നാലെ പ്രതികരിച്ച ഡി എഫ് ബി പ്രസിഡന്റ് ബെര്‍ണ്ട് ന്യൂന്‍ഡോര്‍ഫ് വ്യക്തമാക്കി. കടുത്ത തിരിച്ചടിക്കുശേഷം മുന്നിലുള്ള വെല്ലുവിളികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ പതിവുപോലെ കാര്യങ്ങള്‍ തുടരാനാവില്ലെന്ന് ന്യൂന്‍ഡോര്‍ഫ് പ്രസ്താവനയില്‍ പറഞ്ഞു.

നാഗല്‍സ്മാന്റെ പകരക്കാരനെ ഡി എഫ് ബി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മുന്‍ ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പിന്റെ പേരാണ് സാധ്യതാ പട്ടികയില്‍ ഉയര്‍ന്നുവരുന്നത്. ഡി എഫ് ബി സമീപിച്ചാല്‍ ജര്‍മന്‍ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ ക്ലോപ്പ് തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവാദ വി എ ആര്‍ തീരുമാനം, അച്ചടക്കമുള്ള പ്രതിരോധം, കൃത്യതയാര്‍ന്ന പെനാല്‍റ്റി കിക്കുകള്‍ എന്നിവ നിറഞ്ഞ ആവേശകരമായ മത്സരത്തില്‍ ജര്‍മനിയെ വീഴ്ത്തിയ പരാഗ്വെ പ്രീക്വാര്‍ട്ടര്‍ കടന്ന് അവസാന 16-ലേക്ക് മുന്നേറി. സമീപകാല ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നോക്കൗട്ട് അട്ടിമറികളിലൊന്നായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.