സിംഗപ്പൂര്‍: പാകിസ്താന്റെ നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം ഇന്ത്യയല്ലെന്നും രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും സൈന്യവുമാണ് പ്രധാന ഉത്തരവാദികളെന്നും സിംഗപ്പൂരിന്റെ മുന്‍ നയതന്ത്രജ്ഞനും മുന്‍ അംബാസഡര്‍- അറ്റ്- ലാര്‍ജുമായ ബിലഹാരി കൗസികന്‍. അമേരിക്കയുമായുള്ള സമീപകാല നയതന്ത്ര അടുപ്പമോ അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച അംഗീകാരമോ പാകിസ്താന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ആഗോള സമ്മേളനത്തില്‍ പാകിസ്താനി മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് കൗസികന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥശ്രമം നടത്തിയതിലൂടെ പാകിസ്താന് അമേരിക്കയുടെ കാഴ്ചപ്പാടില്‍ നയതന്ത്രപരമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അത് രാജ്യത്തിനകത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നയതന്ത്രപരമായ അവസരം പാകിസ്താന്‍ സമര്‍ഥമായി ഉപയോഗിക്കുകയും അതിലൂടെ അമേരിക്കയുടെ കാഴ്ചപ്പാടില്‍ ഒരു പരിധിവരെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയും ചെയ്തുവെന്നും പക്ഷേ അതുകൊണ്ട് പാകിസ്താനിലെ ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനോടുള്ള നിലവിലെ അന്താരാഷ്ട്ര ശ്രദ്ധ രാജ്യത്തിന്റെ ആഭ്യന്തര പുരോഗതി കൊണ്ടല്ല, മറിച്ച് ആഗോള ആശങ്കകളുടെ ഭാഗമായാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയും അഫ്ഗാനിസ്ഥാനും പങ്കിടുന്ന അതിര്‍ത്തികളാണ് പാകിസ്താന്റെ പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ഒരു പാകിസ്താനി മാധ്യമ പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആ വാദം കൗസികന്‍ തള്ളി. എന്നാല്‍ അതൊരു ന്യായീകരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കം മുതല്‍ മോശമായി ഭരിക്കപ്പെട്ട രാജ്യമാണ് പാകിസ്ഥാനെന്നും അവിടത്തെ രാഷ്ട്രീയ നേതാക്കള്‍ ഏത് പാര്‍ട്ടിയിലായാലും സമയനഷ്ടമാണെന്നും സൈന്യവും രാജ്യത്തിന്റെ പ്രശ്‌നങ്ങളുടെ വലിയൊരു ഭാഗമാണെന്നും കൗസികന്‍ വിമര്‍ശിച്ചു.
പാകിസ്താന്റെ ചരിത്രത്തിന്റെ ഏകദേശം പകുതിക്കാലവും രാജ്യം നേരിട്ട് സൈനിക ഭരണത്തിന് കീഴിലായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാകിസ്താന്റെ സ്ഥിതി എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് പരാജയത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഒരു രാജ്യം എന്നാണ് കൗസികന്‍ വിശേഷിപ്പിച്ചത്.
സമീപകാല നയതന്ത്ര നേട്ടങ്ങള്‍ രാജ്യത്തിന്റെ ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയോ അമേരിക്കയുമായുള്ള ബന്ധത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവില്‍ പാകിസ്താന്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കടബാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തിന് ഇപ്പോഴും ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തെയും വായ്പകളെയും ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
