ട്രംപിന്റെ ക്രിപ്‌റ്റോ കറന്‍സി വരുമാന ആരോപണങ്ങള്‍ തള്ളി യു എസ് ട്രഷറി സെക്രട്ടറി

ട്രംപിന്റെ ക്രിപ്‌റ്റോ കറന്‍സി വരുമാന ആരോപണങ്ങള്‍ തള്ളി യു എസ് ട്രഷറി സെക്രട്ടറി


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്രിപ്‌റ്റോകറന്‍സി സംരംഭങ്ങളില്‍ നിന്ന് ലഭിച്ച 1.4 ബില്യണ്‍ ഡോളറിന്റെ വരുമാനത്തെ ചൊല്ലിയുള്ള ആരോപണങ്ങള്‍ തള്ളി യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. വിഷയത്തില്‍ പ്രശ്‌നങ്ങളൊന്നും കാണുന്നില്ലെന്നും ഇത് സാങ്കേതിക നവീകരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഭരണകൂടത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച പുറത്തുവിട്ട സാമ്പത്തിക വെളിപ്പെടുത്തല്‍ രേഖകള്‍ പ്രകാരം 2025 ജനുവരിയില്‍ രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റ ശേഷം ട്രംപ് ഏകദേശം 1.4 ബില്യണ്‍ ഡോളറാണ് ക്രിപ്‌റ്റോ സംരംഭങ്ങളില്‍ നിന്ന് സമ്പാദിച്ചത്. ട്രംപിന്റെ പേരിലുള്ള മെംകോയിനും ട്രംപിന്റെയും കുടുംബത്തിന്റെയും പിന്തുണയുള്ള വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന ക്രിപ്‌റ്റോകറന്‍സി സ്ഥാപനത്തില്‍ നിന്നുള്ള വരുമാനവും ഇതില്‍ ഉള്‍പ്പെടുന്നു.

ഡിജിറ്റല്‍ സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി (എഐ), സാങ്കേതിക രംഗത്തെ മറ്റ് നവീകരണങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമാണിതെന്നും ഇതിന്റെ നേട്ടം എല്ലാ അമേരിക്കക്കാര്‍ക്കും ലഭിക്കുമെന്നും ബെസന്റ് സി ബി എസ് ന്യൂസിനോട് പറഞ്ഞു.

നികുതി ആനുകൂല്യങ്ങളോടെയുള്ള 'ട്രംപ് അക്കൗണ്ടുകള്‍' പദ്ധതിയെക്കുറിച്ച് സംസാരിച്ച ബെസന്റ് പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ ഈ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ കഴിയുമെന്നും ഇത് അമേരിക്കക്കാരില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്താനുള്ള പദ്ധതിയാണെന്നും പറഞ്ഞു.

അമേരിക്കയിലെ 38 ശതമാനം കുടുംബങ്ങള്‍ക്കും ഓഹരി വിപണിയില്‍ യാതൊരു നിക്ഷേപവുമില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 4 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ പദ്ധതിയിലൂടെ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി സമ്പാദ്യം വളര്‍ത്താന്‍ അവസരം ലഭിക്കും. ഇതിനകം 60 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്നും ഏകദേശം ഏഴ് കോടി കുട്ടികള്‍ പദ്ധതിക്ക് അര്‍ഹരാണെന്നും ബെസന്റ് അറിയിച്ചു.

2025 ജനുവരി 1-നും 2028 ഡിസംബര്‍ 31-നും ഇടയില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും 1,000 ഡോളറിന്റെ പ്രാരംഭ നിക്ഷേപം സര്‍ക്കാര്‍ നല്‍കും. സ്വകാര്യ വ്യക്തികള്‍ക്കും ഓഹരി ഉടമകള്‍ക്കും അര്‍ഹരായ കുട്ടികളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കോ കുറഞ്ഞ വരുമാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കായുള്ള ഫണ്ടുകളിലേക്കോ ഓഹരികള്‍ സംഭാവന ചെയ്യാനും അവസരമുണ്ടാകും. ഈ തുക പിന്നീട് ഓഹരി വിപണിയില്‍ നിക്ഷേപിക്കും.

അതേസമയം, സമ്പന്നരായ നിക്ഷേപകര്‍ ഓഹരികള്‍ സംഭാവന ചെയ്യുന്നതിലൂടെ എസ്റ്റേറ്റ് നികുതിയും മൂലധന നേട്ട നികുതിയും ഒഴിവാക്കാന്‍ പദ്ധതിയിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ലാഭത്തിന് നികുതി നല്‍കാതെ തന്നെ നിക്ഷേപം പുനഃക്രമീകരിക്കാന്‍ ഈ പദ്ധതിയിലെ പഴുതുകള്‍ സഹായിക്കുമെന്ന ആശങ്കയും അവര്‍ ഉയര്‍ത്തുന്നു.