കൊല്‍ക്കത്ത: ലയണല്‍ മെസ്സിയുടെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ആരാധകര്‍ അക്രമാസക്തരായി. കസേരകളും കുപ്പികളും സ്റ്റേഡിയത്തിലേക്ക് വലിച്ചെറിഞ്ഞു.
ലയണല്‍ മെസ്സി സ്റ്റേഡിയത്തില്‍ എത്തിയെങ്കിലും വളരെ ചുരുങ്ങിയ സമയം മാത്രമായിരുന്നു അവിടെ ചെലവഴിച്ചത്. സ്റ്റേഡിയത്തില്‍ മെസ്സി നടന്നു കൈവീശിയെങ്കിലും അദ്ദേഹത്തിന് ചുറ്റും ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും അടങ്ങുന്ന വലിയ സംഘം ചുറ്റി നിന്നതിനെ തുടര്‍ന്ന് കാണികള്‍ക്ക് അദ്ദേഹത്തെ വ്യക്തമായി കാണാനായില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
കേവലം 20 മിനുട്ട് മാത്രമാണ് മെസ്സി സ്റ്റേഡിയത്തിലുണ്ടായത്. പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹത്തെ മാറ്റുകയായിരുന്നു. ഇതോടെയാണ് ആരാധകര്‍ അക്രമം അഴിച്ചുവിട്ടത്.
മെസ്സിയെ കാണാന്‍ 3,800 മുതല്‍ 11,800 രൂപ വരെ നല്‍കിയാണ് ആരാധകര്‍ ടിക്കറ്റെടുത്തത്. മെസ്സിയെ നേതാക്കളും മന്ത്രിമാരും വളഞ്ഞുവെന്നും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ലെന്നും മെസ്സി ഒരു കിക്കോ പെനാല്‍റ്റിയോ എടുത്തില്ലെന്നും തങ്ങളുടെ പണവും സമയവും പാഴായതായും തങ്ങള്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും ഒരു ആരാധകന്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
മിയാമിയില്‍ നിന്ന് ദുബായ് വഴിയാണ് കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് താരം ഇന്ത്യയിലെത്തിയത്.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ മെസി വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്റര്‍ മിയാമിയിലെ മെസിയുടെ സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡി പോളും അദ്ദേഹത്തിനൊപ്പമുണ്ട്.
സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിഷമവും ഞെട്ടലും രേഖപ്പെടുത്തി.
27 ദിവസത്തെ പരിശ്രമത്തില്‍ 45 അംഗ സംഘം നിര്‍മ്മിച്ച 70 അടി ഉയരമുള്ള മെസ്സിയുടെ പ്രതിമ കൊല്‍ക്കത്തയില്‍ അനാച്ഛാദനം ചെയ്തതോടെയാണ് പര്യടനം ആരംഭിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഓണ്‍ലൈന്‍ ആയി നടത്തിയ ഈ അനാച്ഛാദനം കാണാന്‍ കഴിയാതിരുന്ന ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
'ഐ ലവ് മെസ്സി' ഹെഡ്ബാന്‍ഡുകള്‍ ധരിച്ചും ജേഴ്‌സികള്‍ വാങ്ങിയും ആരാധകര്‍ ആവേശത്തോടെ മുദ്രാവാക്യങ്ങള്‍ വിളിച്ചു.
