യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും യു എസ് മറ്റു വഴിയില്ലാതാക്കിയെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഇറാന്‍

യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും യു എസ് മറ്റു വഴിയില്ലാതാക്കിയെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഇറാന്‍


തെഹ്‌റാന്‍: സംഘര്‍ഷത്തേക്കാള്‍ നയതന്ത്രത്തിനാണ് ഇറാന്‍ മുന്‍ഗണന നല്‍കുന്നതെങ്കിലും അമേരിക്കന്‍- സയണിസ്റ്റ് സൈനികാക്രമണം തങ്ങളെ സ്വയം പ്രതിരോധത്തിലേക്ക് തള്ളിയതായി പ്രസിഡന്റ് മസൂദ് പെഷെസ്‌കിയന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുടെ നേതാക്കളോട് നടത്തിയ പ്രസംഗത്തില്‍ പ്രാദേശിക സ്വാധീനവും പരമാധികാരവും മാനിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെയാണ് സ്ഥിരത കൈവരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു എസും ഇസ്രായേലും ഇറാന്റെ വ്യോമപരിധിയില്‍ സമ്പൂര്‍ണ നിയന്ത്രണത്തിന് സമീപം എ്ത്തിയതായി  യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ ഹെഗ്‌സെത് പ്രഖ്യാപിച്ചു. ഇറാന്റെ പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതിനിടെ രാജ്യത്തിനകത്തെ കൂടുതല്‍ ലക്ഷ്യങ്ങളില്‍ ആക്രമണം ശക്തിപ്പെടുത്താന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അലി ഖാംനയിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളില്‍ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് അവസാനഘട്ടത്തില്‍ എത്തിയതായി മുതിര്‍ന്ന മതപണ്ഡിതന്‍ അഹമ്മദ് ഖാതമി വ്യക്തമാക്കി. പരമോന്നത നേതാവിനെ കണ്ടെത്താനുള്ള തീരുമാനത്തിനടുത്താണെങ്കിലും രാജ്യത്ത് യുദ്ധാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ഔദ്യോഗിക ടെലിവിഷനോടു പറഞ്ഞു.