തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന അലി ഖംനേയിയുടെ പൊതുദര്‍ശന ചടങ്ങ് മാറ്റിവെച്ചതായി താന്‍സിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍- യു എസ് വ്യോമാക്രമണത്തിലാണ് ഖംനേയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.
വിവിധ പ്രവിശ്യകളില്‍ നിന്നുള്ള ജനങ്ങളുടെ പങ്കാളിത്തവും സാധന സാമഗ്രികള്‍ എത്തിക്കാനുള്ള പ്രശ്‌നങ്ങളുമാണ് പൊതുദര്‍ശനം വൈകാനും മാറ്റിവെക്കാനും കാരണമെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി അറിയിച്ചു.
ശവസംസ്‌കാര ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും വന്‍ജനാവലിയെ പ്രതീക്ഷിക്കുന്നതിനാല്‍ സുരക്ഷാ ഭീഷണികളും ഉയര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1989ല്‍ റൂഹുല്ല ഖുമൈനിയുടെ സംസ്‌കാര ചടങ്ങില്‍ ഏകദേശം ഒരു കോടി ആളുകളാണ് പങ്കെടുത്തത്.
ഖംനേയിയുടെ വിലാപയാത്രയും പൊതുദര്‍ശനവും രാത്രി പത്തുമണിക്ക് ഇമാം ഖുമൈനി പ്രാര്‍ഥനാലയത്തില്‍ നിന്ന് ആരംഭിച്ച് മൂന്നു ദിവസം തുടരുമെന്നാണ് നേര്തതെ ഇറാന്റെ ഇസ്ലാമിക് പ്രൊപഗേഷന്‍ കൗണ്‍സില്‍ മേധാവി ഹുജ്ജത്തൊല്‍ ഇസ്ലാം മഹ്മൂദി അറിയിച്ചിരുന്നത്.
1979ലെ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഖുമൈനിയുടെ മരണത്തിന് ശേഷം 1989 മുതല്‍ ഖംനേയിയാണ് ഇറാന്റെ പരമോന്നത നേതാവ്. ഭരണകൂടം, സൈന്യം, ന്യായവ്യവസ്ഥ എന്നിവയ്ക്കെല്ലാം മേല്‍ പരമോന്നത നേതാവിനാണ് അന്തിമ അധികാരം.
ഖംനേയിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഗാര്‍ഡിയന്‍ കൗണ്‍സിലും അസംബ്ലി ഓഫ് എക്‌സ്പര്‍ട്‌സും അംഗമായ മുതിര്‍ന്ന പുരോഹിതന്‍ ആയത്തുല്ല അഹ്മദ് ഖത്താമി അറിയിച്ചു. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്പര്‍ട്‌സാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത്. ഇറാന്റെ ഭരണഘടന പ്രകാരം ശിയ ഇസ്ലാമിക നിയമശാസ്ത്രത്തില്‍ പ്രാവീണ്യമുള്ള മുതിര്‍ന്ന പണ്ഡിതനായിരിക്കണം പരമോന്നത നേതാവ്.
ഖംനേയിയുടെ രണ്ടാമത്തെ മകന്‍ മുജ്തബ ഖംനേയിയുടെ പേരും പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക- ഇസ്രായേല്‍ ആക്രമണങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടതായി റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച ഇറാനിയന്‍ ഉറവിടങ്ങള്‍ വ്യക്തമാക്കി.
ഖംനേയിയുടെ പിന്‍ഗാമിയായി ആര്‍ തെരഞ്ഞെടുക്കപ്പെട്ടാലും അവരെ വധിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
