ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ നേറ്റോ പ്രതിരോധ സംവിധാനം തകര്‍ത്തതായി തുര്‍ക്കി

ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ നേറ്റോ പ്രതിരോധ സംവിധാനം തകര്‍ത്തതായി തുര്‍ക്കി


അങ്കാറ: ഇറാനില്‍ നിന്ന് തുര്‍ക്കി വ്യോമപരിധിയിലേക്ക് പ്രവേശിച്ച ബാലിസ്റ്റിക് മിസൈല്‍ നേറ്റോയുടെ വ്യോമ- മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായി തുര്‍ക്കിയെ അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തില്‍ നേറ്റോ അംഗരാജ്യമായ തുര്‍ക്കി നേരിട്ട് ഉള്‍പ്പെട്ട ആദ്യ സംഭവമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

മിസൈല്‍ ഏത് ലക്ഷ്യസ്ഥാനത്തേക്കായിരുന്നു നീങ്ങിയതെന്ന് വ്യക്തമല്ല. എന്നാല്‍ തുര്‍ക്കിയെ ലക്ഷ്യമിട്ട ഇറാന്റെ നടപടിയെ അപലപിക്കുന്നതായും എല്ലാ അംഗരാജ്യങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും നേറ്റോ വക്താവ്  അറിയിച്ചു.

തുര്‍ക്കി പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം മിസൈല്‍ ഇറാഖ്, സിറിയ എന്നിവയുടെ മുകളിലൂടെ പറന്നശേഷമാണ് കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിരുന്ന നേറ്റോ പ്രതിരോധ സംവിധാനം അതിനെ തകര്‍ത്തത്.

തുര്‍ക്കിയുടെ തെക്കന്‍ ഭാഗത്തുള്ള ഇന്‍സിര്‍ലിക് സൈനിക താവളത്തില്‍ യു എസ് വ്യോമസേനയെ വിന്യസിച്ചിരിക്കുന്നുവെങ്കിലും സംഭവത്തെക്കുറിച്ച് യു എസ് പ്രതികരിച്ചില്ല. ഹതായ് പ്രവിശ്യയോട് ചേര്‍ന്ന പ്രദേശത്താണ് ഇന്‍സിര്‍ലിക് താവളം സ്ഥിതി ചെയ്യുന്നത്. നേറ്റോ മിസൈല്‍ തടയുന്നതിനിടെ ഉണ്ടായ അവശിഷ്ടങ്ങള്‍ ഹതായില്‍ വീണതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷം രൂക്ഷമാകുന്ന തരത്തിലുള്ള നടപടികളില്‍ നിന്ന് എല്ലാ പക്ഷങ്ങളും വിട്ടുനില്‍ക്കണമെന്നും ഈ സാഹചര്യത്തില്‍ നേറ്റോയുമായും മറ്റ് സഖ്യകക്ഷികളുമായും ആശയവിനിമയം തുടരുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു.

തങ്ങളുടെ ഭൂപ്രദേശവും വ്യോമപരിധിയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ദൃഢനിശ്ചയത്തോടെ കൈക്കൊള്ളുമെന്നും രാജ്യത്തിനെതിരായ ഏതൊരു നടപടിക്കെതിരെയും പ്രതികരിക്കാന്‍ അവകാശം നിലനില്‍ക്കുന്നതായി എല്ലാ പക്ഷങ്ങളെയും ഓര്‍മ്മപ്പെടുത്തുന്നുവെന്നും തുര്‍ക്കി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച മറ്റു രണ്ട് മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥര്‍ നേറ്റയുടെ ആര്‍ട്ടിക്കിള്‍ 4നെക്കുറിച്ച് പരാമര്‍ശിച്ചില്ല. ഒരു അംഗരാജ്യത്തിന്റെ ഭൗമപരമാധികാരമോ രാഷ്ട്രീയ സ്വാതന്ത്ര്യമോ സുരക്ഷയോ ഭീഷണിയിലാണെന്ന് കരുതുന്ന പക്ഷം സംയുക്ത ആലോചന നടത്തണമെന്നാണ് ആര്‍ട്ടിക്കിള്‍ 4 വ്യക്തമാക്കുന്നത്.

സംഭവത്തിന് പിന്നാലെ തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിദാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഘ്ചിയുമായി ഫോണില്‍ സംസാരിച്ചു പ്രതിഷേധം അറിയിച്ചു എന്ന് നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി.

യു എസും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിക്കുന്നതിന് മുന്‍പ്, ഇറാനും യു എസും തമ്മില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തുര്‍ക്കി ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.