ഡോളറിനെതിരെ 92.41ലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

ഡോളറിനെതിരെ 92.41ലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ


മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷംത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയരുകയും സുരക്ഷിത ഡോളര്‍ ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബുധനാഴ്ച ഇന്ത്യന്‍ രൂപ യു എസ് ഡോളറിനെതിരെ കൂപ്പുകുത്തി 92.41 ആയി. റെക്കോര്‍ഡ് തകര്‍ച്ചയാണിത്. ബ്ലൂംബര്‍ഗ് ഡേറ്റ പ്രകാരം ഓഹരി വിപണി 92.15ലാണ് ക്ലോസ് ചെയ്തത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ ഡോളറിലുണ്ടായ ഡിമാന്റാണ് രൂപയെ ബാധിച്ചത്. 

വിപണി വിശകലനങ്ങള്‍ പ്രകാരം ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഡോളര്‍ ആവശ്യകത വര്‍ധിച്ചതോടെ രൂപ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇറാനുമായുള്ള ഇസ്രായേല്‍- യു എസ് സംഘര്‍ഷം ക്രൂഡ് വിലയില്‍ ബാരലിന് 2 ഡോളറാണ് വര്‍ധിപ്പിച്ചത്. ഇത് ചരക്കു വിതരണം തടസ്സപ്പെടാനും പശ്ചിമേഷ്യന്‍ വിതരണ ശൃംഖലയെ ബാധിക്കാനുമാണ് സാധ്യത. 

റിസര്‍വ് ബാങ്ക് നിയന്ത്രണവിധേയമായ ബാങ്കുകളിലൂടെ വിപണി ഇടിവ് നിയന്ത്രിക്കാന്‍ ഡോളര്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും പ്രത്യേക നിരക്ക് സംരക്ഷിക്കുകയെന്നത് കേന്ദ്രബാങ്കിന്റെ ലക്ഷ്യമല്ല.

യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നോ എത്ര നാളുകള്‍ നീണ്ടുനില്‍ക്കുമെന്നോ വ്യക്തമല്ലാത്തതിനാല്‍ വിപണി പ്രതിസന്ധിയിലാണ്.

ക്രൂഡ് വില ബാരലിന് 90 ഡോളര്‍ ആണെങ്കില്‍ രൂപ 93- 94 വരെ പോകാനാണ് സാധ്യതയെന്നാണ് ഈരംഗത്തെ വിദഗ്ധര്‍ പറയുന്നത്. 

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ വാങ്ങല്‍ രാജ്യമായ ഇന്ത്യ പ്രതിദിനം ഏകദേശം 5.5 മില്യണ്‍ ബാരല്‍ ക്രൂഡാണ് ഉപയോഗിക്കുന്നത്. ഇതില്‍ 1.52 മില്യണ്‍ ബാരല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടക്കുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചതിനുശേഷം കഴിഞ്ഞ രണ്ട് മാസങ്ങളായി പശ്ചിമേഷ്യയാണ് പ്രധാന വിതരണക്കാര്‍.