ടെഹ്രാൻ: പിതാവ് ആയത്തുല്ല അലി ഖാമെനിയുടെ വധത്തിന് പിന്നാലെ മൊജ്തബ ഖാമെനിയെ രാജ്യത്തിന്റെ പരമാധികാരിയായി തെരഞ്ഞെടുത്തെന്ന പ്രചാരണങ്ങൾ ഇറാൻ ബുധനാഴ്ച ശക്തമായി നിഷേധിച്ചു. സംയുക്ത അമേരിക്ക-ഇസ്രായേൽ ആക്രമണത്തിലാണ് ഖാമെനി കൊല്ലപ്പെട്ടതെന്ന ആരോപണത്തിനിടെയാണ് അധികാരപദവി സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നത്.
രാജ്യത്തിന്റെ വിദഗ്ധസഭ നേതൃത്വം സംബന്ധിച്ച് ആരെയും തിരഞ്ഞെടുത്തിട്ടില്ലെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നേതൃത്വം സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് ഔദ്യോഗികമായ ആധാരമില്ലെന്നും അവ പൂർണമായും നിഷേധിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
മുൻപ് ചില മാധ്യമങ്ങൾ മൊജ്തബ ഖാമെനിയെ പിതാവിന്റെ പിൻഗാമിയായി തീരുമാനിച്ചെന്ന വാർത്തകൾ നൽകിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെറ്റായ വിവരങ്ങളാണെന്നും ഇറാൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്.
