ഓസ്റ്റിൻ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം ഒരു വർഷം പിന്നിടുമ്പോൾ ടെക്‌സസിൽ നടക്കുന്ന പ്രാഥമിക തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യം നേടുകയാണ്. വിവിധ മണ്ഡലങ്ങളിലെ മത്സരങ്ങൾ രാജ്യത്തെ നിലവിലെ രാഷ്ട്രീയ മനോഭാവത്തെ വ്യക്തമാക്കുമെന്നാണ് വിലയിരുത്തൽ. വോട്ടെടുപ്പ് പ്രാദേശിക സമയം വൈകുന്നേരം ഏഴിന് അവസാനിക്കും.
സെനറ്റ് മത്സരത്തിൽ കടുത്ത പോരാട്ടം
ടെക്‌സസ് സെനറ്റ് മത്സരമാണ് പ്രധാന ആകർഷണം. നിലവിലെ സെനറ്റർ ജോൺ കോർണിൻ തുടർച്ചയായ അഞ്ചാം കാലാവധിക്കായി രംഗത്തുണ്ട്. ടെക്‌സസ് അറ്റോർണി ജനറൽ കെൻ പാക്‌സ്ടൻ, പ്രതിനിധി സഭാംഗം വെസ്ലി ഹണ്ട് എന്നിവരാണ് അദ്ദേഹത്തിന് വെല്ലുവിളിയാകുന്ന എതിരാളികൾ. മത്സരം രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.
ഡെമോക്രാറ്റിക് പക്ഷത്ത് പ്രതിനിധി സഭാംഗം ജാസ്മിൻ ക്രോക്കറ്റും സംസ്ഥാന പ്രതിനിധി ജെയിംസ് ടലാരികോയും തമ്മിലാണ് പോരാട്ടം. പതിറ്റാണ്ടുകൾക്കുശേഷം ഈ സീറ്റ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ.
മണ്ഡല പുനർനിർണ്ണയം പ്രാബല്യത്തിൽ
കഴിഞ്ഞ വേനലിൽ ട്രംപിന്റെ ഒത്താശയോടെ ടെക്‌സസ് മണ്ഡല പുനർനിർണ്ണയ നടപടികൾക്ക് തുടക്കമിട്ടിരുന്നു. ഇത് സുപ്രീംകോടതി കേസിലേക്കും ദേശീയതലത്തിലുള്ള ചർച്ചകളിലേക്കും വഴിവെച്ചു. പുതിയ മണ്ഡല മാപ്പുകൾ പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് അഞ്ചോളം അധിക സീറ്റുകൾ നേടിക്കൊടുക്കുമെന്നാണു കണക്ക്. നിലവിൽ അവർക്കുള്ള ഭൂരിപക്ഷം വളരെ ചെറുതാണ്.
ടെക്‌സസിലെ 23ാം കോൺഗ്രസ് മണ്ഡലം റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം തുടരുമെന്നാണു പ്രതീക്ഷ. എന്നാൽ ട്രംപിന്റെ പിന്തുണയുള്ള നിലവിലെ പ്രതിനിധി ടോണി ഗോൺസാലസിനും ബ്രാൻഡൻ ഹെററയ്ക്കുമിടയിലെ മത്സരം ശ്രദ്ധേയമാണ്. മുൻ ജീവനക്കാരിയുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതിനെ തുടർന്ന് ഗോൺസാലസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ചില റിപ്പബ്ലിക്കൻ നേതാക്കൾ രംഗത്തെത്തിയിരുന്നു.
ഗവർണർ സ്ഥാനത്തും മത്സരം
ഗവർണർ തിരഞ്ഞെടുപ്പിലും ടെക്‌സസ് ശ്രദ്ധാ കേന്ദ്രമാണ്. ട്രംപ് പിന്തുണയ്ക്കുന്ന നിലവിലെ ഗവർണർ ഗ്രെഗ് അബോട്ട് നാലാം കാലാവധിക്കായാണ് മത്സരിക്കുന്നത്. ടെക്‌സസിൽ ഗവർണർ സ്ഥാനത്തിന് കാലപരിധിയില്ല. 1991 മുതൽ 1995 വരെ സേവനം അനുഷ്ഠിച്ച ആൻ റിച്ചാഡ്‌സ് ആയിരുന്നു സംസ്ഥാനത്തെ അവസാന ഡെമോക്രാറ്റിക് ഗവർണർ. എന്നാൽ സംസ്ഥാന പ്രതിനിധി ജിന ഹിനോജോസയെ മുൻനിർത്തി മത്സരം നേരിടുന്ന ഡെമോക്രാറ്റുകൾ വിജയ പ്രതീക്ഷയിലാണ്.
ടെക്‌സസ് പ്രാഥമിക തിരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്തെ രാഷ്ട്രീയ പ്രവണതകളെ സ്വാധീനിക്കുമെന്നതിനാൽ ദേശീയ തലത്തിൽ എല്ലാവരും ഉറ്റുനോക്കുകയാണ്.
ടെക്‌സസ് പ്രൈമറി തിരഞ്ഞെടുപ്പ് ; ട്രംപിന്റെ രണ്ടാമൂഴം ഒരു വർഷം പിന്നിടുന്നതിനാൽ ദേശീയ ശ്രദ്ധാകേന്ദ്രം
