ജറുസലേം: ഇറാന്‍ പരമോന്നത നേതാവ് ഖംനേയിയെ കൊലപ്പെടുത്തുന്നതിന് രാജ്യത്തിന്റെ ട്രാഫിക് ക്യാമറകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ സുരക്ഷാ ഗാര്‍ഡുകളുടെ പ്രവൃത്തികള്‍ നിരീക്ഷിക്കപ്പെട്ടതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ മൊസാദ് ഇറാന്റെ ആഭ്യന്തര നിരീക്ഷണ സംവിധാനത്തെ സൈബര്‍ വൈദഗ്ധ്യത്തിലൂടെ കൈകാര്യം ചെയ്ത്, സുരക്ഷാ സംവിധാനം പുറത്തുനിന്ന് നിരന്തരം നിരീക്ഷിക്കുന്ന രീതിയിലാക്കിയിരുന്നു. ഖംനെയിയുടെ ഗാര്‍ഡുകളുടെ പാര്‍ക്കിംഗ് ഏരിയയിലെ ക്യാമറയില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് വാസസ്ഥലം, ഷെഡ്യൂള്‍, സ്ഥാനങ്ങള്‍ എന്നിവ വര്‍ഷങ്ങളോളം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജെറുസലേമിനെ തങ്ങള്‍ അറിയുന്നതുപോലെയാണ് തെഹ്‌റാനെ തങ്ങള്‍ അറിയുന്നതെന്ന് ഇസ്രയേല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഖംനേയിയുടെ വധം വര്‍ഷങ്ങളായി നടത്തിയ വലിയ ഡേറ്റാ മൈനിംഗ് പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു. ഇസ്രയേല്‍ ഐ ഡി എഫ് യൂണിറ്റ് 8200 വികസിപ്പിച്ച പ്രോപ്രൈറ്ററി എ ഐ ടൂളുകളും സങ്കീര്‍ണ്ണ അല്‍ഗോരിതങ്ങളുമായി പ്രത്യേകമായി ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തു. ഇതിലൂടെ ഖംനേയിയുടെ യാത്രകള്‍, സുരക്ഷാ രീതികള്‍, ശനിയാഴ്ച രാവിലെ നടത്തിയ യോഗത്തില്‍ പങ്കെടുത്ത സമയം എന്നിവ വിശദമായി തിരിച്ചറിയാന്‍ സാധിച്ചു.
