തെഹ്‌റാന്‍: മാന്യമായ രീതിയിലാണെങ്കില്‍ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല സയ്യിദ് അലി ഖംനേയിയുടെ പ്രതിനിധി ഡോ. അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നാലാം ദിവസത്തിലേക്ക് കടന്ന യുദ്ധത്തില്‍ സമീപ രാജ്യങ്ങളിലെ യു എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാന്‍ തുടരുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ യു എസിന് അനുവദിച്ച സൈനിക താവളങ്ങള്‍ അമേരിക്കന്‍ ഭൂപ്രദേശമായി കണക്കാക്കുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ ശക്തമായ ആക്രമണങ്ങളാണ് വരാനിരിക്കുന്നതെന്നാണ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ നടന്ന ബോംബാക്രമണത്തോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. പ്രസ്തുത സൈനിക നടപടിക്ക് ഇസ്രയേല്‍ ലയണ്‍സ് റോര്‍ എന്ന് പേരിട്ടപ്പോള്‍ അമേരിക്ക അതിനെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്നാണ് വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖംനേയിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഷിയ സമൂഹം വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്.
ഖംനേയി വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേലിനെയും ഖത്തര്‍, കുവൈത്ത്, യു എ ഇ, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവ ഉള്‍പ്പെടെയുള്ള സമീപരാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുന്നത്.
ഇസ്രായേല്‍ ഇറാനു പുറമേ
ഇതിനിടെ, ഇസ്രയേല്‍ ലെബനനിലും ആക്രമണം നടത്തി. യു എസും ഇസ്രായേലും ചേര്‍ന്ന് ഇറാനു നേരെ നടത്തിയ ആക്രമണത്തെ റഷ്യ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ വിമര്‍ശിച്ചു.
