കോഴിക്കോട് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ തുടക്കം കുറിച്ച് കോൺഗ്രസിലൂടെ ദേശീയ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായി മാറിയ അദ്ദേഹത്തിന്റെ ദീർഘ രാഷ്ട്രീയജീവിതത്തിനാണ് ഇതോടെ വിരാമമായത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് പന്നിയങ്കരയിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമൃതയാണ് ഭാര്യ. സുദക്ഷിണ, നിരഞ്ജന എന്നിവർ മക്കളാണ്.
1936 സെപ്തംബർ 20ന് കോഴിക്കോട് കൊയിലാണ്ടിയിൽ അഭിഭാഷകനായ ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായി ജനിച്ചു. സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസിന്റെ പ്രധാന കേന്ദ്രമായിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ 'പത്മാലയ'വുമായി ബന്ധപ്പെട്ട കുടുംബപാരമ്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
വിദ്യാർത്ഥിയായിരിക്കെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നാണ് രാഷ്ട്രീയജീവിതത്തിന് തുടക്കമിട്ടത്. 1960ൽ കോൺഗ്രസിൽ ചേർന്നു. 1962 മുതൽ എഐസിസി അംഗമായും പ്രവർത്തിച്ചു. ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കൊളെജ്, പ്രസിഡൻസി കൊളെജ് ചെന്നൈ, ഗവ. ലോ കോളെജ് ചെന്നൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി.
1971 മുതൽ 1996 വരെ വടകര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി ഏഴ് തവണ ലോക്‌സഭയിലെത്തി. കേരളത്തിൽ ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവുമധികം തവണ വിജയിച്ച വ്യക്തി എന്ന നേട്ടവും അദ്ദേഹത്തിനുണ്ട്. 1978ൽ കോൺഗ്രസ് വിട്ട അദ്ദേഹം 1995ൽ വീണ്ടും പാർട്ടിയിൽ മടങ്ങിയെത്തി.
രാഷ്ട്രീയത്തിന് പുറമെ പത്രപ്രവർത്തന രംഗത്തും സാന്നിധ്യം അറിയിച്ച അദ്ദേഹം ദി ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി എന്നിവ ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങളിൽ മുംബൈയിലും ഡൽഹിയിലും പ്രവർത്തിച്ചിട്ടുണ്ട്. വാഗ്മിത്വവും രാഷ്ട്രീയ ദൂരദർശിത്വവും കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ വടകര എംപിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു
