മിഡില്‍ ഈസ്റ്റില്‍ കടുത്ത സംഘര്‍ഷം; അമേരിക്കന്‍ പൗരന്മാര്‍ക്ക് അടിയന്തര യാത്രാ നിര്‍ദേശം, ഖത്തറിലും സൗദിയിലും സ്‌ഫോടനങ്ങള്‍

മിഡില്‍ ഈസ്റ്റില്‍ കടുത്ത സംഘര്‍ഷം; അമേരിക്കന്‍ പൗരന്മാര്‍ക്ക് അടിയന്തര യാത്രാ നിര്‍ദേശം, ഖത്തറിലും സൗദിയിലും സ്‌ഫോടനങ്ങള്‍


മിഡില്‍ ഈസ്റ്റില്‍ അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, പൗരന്മാരോട് ഇസ്രയേല്‍ ഉള്‍പ്പെടെ പന്ത്രണ്ടിലധികം രാജ്യങ്ങള്‍ ഉടന്‍ വിട്ടുപോകണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു. പ്രദേശത്തെ സുരക്ഷാ സാഹചര്യം വേഗത്തില്‍ മോശമാകുന്നതായാണ് മുന്നറിയിപ്പ്.

ഇതിനിടെ, ഇറാനിലെ തെക്കന്‍ മിനാബ് പട്ടണത്തിലെ ഒരു പെണ്‍കുട്ടികളുടെ പ്രാഥമിക സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ 160ലധികം പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളാണെന്നാരോപണമുണ്ടെങ്കിലും, ആരാണ് ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഈ സംഭവത്തെ ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരികവിദ്യാഭ്യാസ ഏജന്‍സിയായ യുനെസ്‌കോയും നോബല്‍ സമാധാന ജേതാവായ മലാല യൂസഫ്‌സായിയും ശക്തമായി അപലപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലുള്ള സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അമേരിക്ക സ്‌കൂളുകളെ ഉദ്ദേശപൂര്‍വ്വം ലക്ഷ്യമിടില്ലെന്ന് റൂബിയോ വ്യക്തമാക്കി. 'അത് ഞങ്ങളുടെ ആക്രമണമാണെങ്കില്‍ പ്രതിരോധ വകുപ്പാണ് അന്വേഷണം നടത്തുക. പക്ഷേ അമേരിക്ക ഒരു സ്‌കൂളിനെയും മനപ്പൂര്‍വ്വം ലക്ഷ്യമിടില്ല,' എന്നും അദ്ദേഹം പറഞ്ഞു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡും പെന്റഗണും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

സംഭവത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകളാണുള്ളതെന്നും ചില വിവരങ്ങള്‍ പ്രകാരം ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് തന്നെ സ്‌കൂള്‍ ലക്ഷ്യമിട്ടിരിക്കാമെന്നും ഇസ്രയേലിന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥാനപതി ഡാനി ഡാനോണ്‍ പറഞ്ഞു.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ കടുത്ത ചര്‍ച്ച

 ഇസ്രയേല്‍ സ്വതന്ത്രമായി ഇറാനെതിരെ നീങ്ങാന്‍ ഉറച്ചതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'വളരെ ബുദ്ധിമുട്ടുള്ള തീരുമാനം' എടുത്തുവെന്ന് വാഷിംഗ്ടണില്‍ രഹസ്യ ബ്രീഫിംഗിന് ശേഷം യുഎസ് പ്രതിനിധിസഭാ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു. ആക്രമണം പ്രതിരോധ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് നേതാവ് മാര്‍ക്ക് വാര്‍ണര്‍, ഇറാന്‍ അമേരിക്കയ്‌ക്കെതിരെ അടിയന്തര ഭീഷണി ഉയര്‍ത്തിയിരുന്നില്ലെന്നും ഭീഷണി ഇസ്രയേലിനായിരുന്നു എന്നും ആരോപിച്ചു. സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതികരിച്ചു.

ഖത്തറില്‍ മിസൈല്‍ തടഞ്ഞു

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ, ഖത്തര്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദോഹയില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങളും പുകമേഘങ്ങളും കണ്ടതായി സാക്ഷികള്‍ പറഞ്ഞു.

അതേസമയം, റിയാദ് നഗരത്തിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ പ്രതികാര നീക്കത്തിന്റെ ഭാഗമായാണ് ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ശക്തമാകുന്നത്.

ഓസ്‌ട്രേലിയന്‍ സൈനിക താവളവും ലക്ഷ്യം

 യുഎഇയിലെ അല്‍ മിന്ഹാദ് വ്യോമതാവളം ഡ്രോണ്‍ ആക്രമണത്തിന് ഇരയായതായി ഓസ്‌ട്രേലിയയുടെ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാര്‍ലസ് സ്ഥിരീകരിച്ചു. 2003 മുതല്‍ ഓസ്‌ട്രേലിയന്‍ സൈന്യം പ്രവര്‍ത്തിക്കുന്ന പ്രധാന കേന്ദ്രമാണിത്. താവളത്തിലുള്ള ഓസ്‌ട്രേലിയന്‍ സൈനികര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു.

ഹിസ്ബുല്ല ചാനല്‍ വീണ്ടും സംപ്രേഷണം തുടങ്ങി

ലെബനനിലെ ഹിസ്ബുല്ല അനുകൂല ചാനലായ അല്‍മനാര്‍ ടി.വി., ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഇടവേളയിലായിരുന്ന സംപ്രേഷണം വീണ്ടും ആരംഭിച്ചു. ആസ്ഥാനമന്ദിരം ആക്രമിക്കപ്പെട്ടതായും ചാനല്‍ അവകാശപ്പെട്ടു.

ഇസ്രയേലില്‍ ഷെല്‍ട്ടര്‍ നിര്‍ദേശം പിന്‍വലിച്ചു

ഇറാന്റെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ക്കുശേഷം, രാജ്യമൊട്ടാകെ ബോംബ് ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്ക് പുറത്തേക്കിറങ്ങാമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

ഖമനെയിയുടെ വധത്തിനു പിന്നാലെ ഭീഷണി

ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെ, അമേരിക്കക്കെതിരെ ഇറാനും അനുബന്ധ സംഘങ്ങളും സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ പ്രതികാര നീക്കങ്ങള്‍ ശക്തമാക്കാമെന്നു യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നതിനുള്ള സാധ്യതകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, അന്താരാഷ്ട്ര സമൂഹം ആശങ്കയോടെ സാഹചര്യം നിരീക്ഷിക്കുകയാണ്.