ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ മുന്നറിയിപ്പ്; കടന്നുപോകുന്ന കപ്പലുകൾക്ക് തീ വെക്കും - ആഗോള വിപണിയിൽ ആശങ്ക

ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ മുന്നറിയിപ്പ്; കടന്നുപോകുന്ന കപ്പലുകൾക്ക് തീ വെക്കും - ആഗോള വിപണിയിൽ ആശങ്ക


ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പ്രഖ്യാപിച്ചതോടെ ആഗോള വ്യാപാരവും ഊർജ്ജ വിപണിയും ആശങ്കയിൽ. കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും 'തീ വെച്ച് നശിപ്പിക്കും' എന്ന കടുത്ത മുന്നറിയിപ്പാണ് ഇറാൻ സേന നൽകിയത്. ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബരിയാണ് ഈ ഭീഷണി മുഴക്കിയത്.

ഇറാനും ഒമാനും തമ്മിലുള്ള ഹോർമുസ് കടലിടുക്ക് ലോക വ്യാപാരത്തിലെ ഏറ്റവും നിർണായകമായ കടൽപാതകളിലൊന്നാണ്. പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാനും അറേബ്യൻ കടലുമായാണ് ഇത് ബന്ധിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായി ഇറാനും ഒമാനും അതിരിടുന്നുവെങ്കിലും, അന്താരാഷ്ട്ര കപ്പൽഗതാഗത പാതയായാണ് ഇതിനെ കണക്കാക്കുന്നത്.

കടലിടുക്ക് പൂർണ്ണമായി അടച്ചുവെന്ന അന്താരാഷ്ട്ര സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ ടാങ്കർ ഗതാഗതം കുറയുകയും, ഇലക്ട്രോണിക് ഇടപെടലുകളും ആക്രമണശ്രമങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ ഉയരുകയും ചെയ്തതോടെ സ്ഥിതിഗതികൾ കടുപ്പം പിടിച്ചിരിക്കുകയാണ്. എണ്ണവില കുത്തനെ ഉയർന്നത് വിപണിയിലെ ആശങ്ക വ്യക്തമാക്കുന്നു.

ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാത

ഏറ്റവും ചുരുങ്ങിയ ഭാഗത്ത് വെറും 33 കിലോമീറ്റർ വീതിയുള്ള ഹോർമുസ് കടലിടുക്കിലൂടെയാണ് ലോകത്തിന്റെ എണ്ണവിതരണത്തിൽ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്നത്. കഴിഞ്ഞ വർഷം ദിവസേന 2 കോടിയിലധികം ബാരൽ ക്രൂഡ് ഓയിൽ, കണ്ടൻസേറ്റ്, ഇന്ധനങ്ങൾ എന്നിവയാണ് ഈ പാത വഴി കടന്നുപോയത്. ആഗോള കടൽമാർഗ എണ്ണഗതാഗതത്തിന്റെ 30 ശതമാനത്തോളം ഇവിടെനിന്നാണ്.

ഖത്തർ തങ്ങളുടെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽഎൻജി) ഭൂരിഭാഗവും ഈ കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നത്.  സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, കുവൈറ്റ്, യുഎഇ എന്നിവ ഉൾപ്പെടെയുള്ള പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങൾക്കും ഈ പാത അത്യന്താപേക്ഷിതമാണ്. ഇവയുടെ കയറ്റുമതിയുടെ വലിയൊരു വിഹിതം ഏഷ്യൻ വിപണികളിലേക്കാണ് പോകുന്നത്.

ദിവസങ്ങളോളം നീളുന്ന തടസ്സം പോലും ക്രൂഡ് ഓയിൽ വില കുത്തനെ ഉയർത്താനിടയാക്കുമെന്നാണ് ഊർജ്ജ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ആഴ്ചകളോളം നീളുന്ന അടച്ചിടൽ സംഭവിച്ചാൽ, എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിക്കാനും യൂറോപ്യൻ വാതകവില 2022ലെ പ്രതിസന്ധി നിലയിലേക്ക് മടങ്ങാനും സാധ്യതയുണ്ട്.

ബദൽ മാർഗങ്ങൾ പരിമിതം

ചില ഗൾഫ് രാജ്യങ്ങൾക്ക് ഭാഗിക ബദൽ മാർഗങ്ങൾ ഉണ്ട്. സൗദി അറേബ്യയ്ക്ക് ഈസ്റ്റ്‌വെസ്റ്റ് പൈപ്പ്‌ലൈൻ വഴി ചെങ്കടലിലേക്ക് ചില കയറ്റുമതികൾ തിരിച്ചുവിടാം. യുഎഇ ഹബ്ഷൻ-ഫുജൈറ പൈപ്പ്‌ലൈൻ വഴി ഭാഗികമായി ഹോർമുസ് ഒഴിവാക്കുന്നു. ഇറാഖിന് തുർക്കി വഴി ഒരു വടക്കൻ പൈപ്പ്‌ലൈൻ ഉണ്ടെങ്കിലും, ഭൂരിഭാഗം കയറ്റുമതിയും ബസ്ര തുറമുഖം വഴി ഹോർമുസ് കടന്നാണ്.

എന്നാൽ കുവൈത്ത്, ഖത്തർ, ബഹ്രൈൻ എന്നീ രാജ്യങ്ങൾ പൂർണമായും ഹോർമുസിനെയാണ് ആശ്രയിച്ചിരിക്കുന്നത്. അതിനാൽ സമ്പൂർണ അടച്ചിടൽ ആഗോള വിതരണ ശൃംഖലയെ ഗണ്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇറാൻ ദിവസേന 30 ലക്ഷത്തിലധികം ബാരൽ ക്രൂഡ് ആണ് ഉത്പാദിപ്പിക്കുന്നത്. അതിൽ ഭൂരിഭാഗവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. വടക്കൻ ഗൾഫിലുള്ള ഖാർഗ് ദ്വീപ് പോലുള്ള ടെർമിനലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണം പ്രതിസന്ധി കൂടുതൽ വഷളാക്കും.

1970കളിലെ എണ്ണ പ്രതിസന്ധിയുടെ നിഴൽ

ഇപ്പോഴത്തെ സംഘർഷാവസ്ഥ 1973-74ലെ എണ്ണ നിരോധനത്തെയും 1979ലെ ഇറാൻ വിപ്ലവാനന്തര എണ്ണ ക്ഷാമത്തെയുമാണ് ഓർമ്മിപ്പിക്കുന്നത്. അന്ന് ഇന്ധനക്ഷാമവും വിലക്കയറ്റവും ആഗോള സമ്പദ്‌വ്യവസ്ഥയെ കുലുക്കിയിരുന്നു.

ഇന്നത്തെ സാഹചര്യത്തിൽ ആഗോള ആവശ്യകത കൂടുതലും വിതരണ ശൃംഖലകൾ കൂടുതൽ സങ്കീർണ്ണവുമാണ്. അതിനാൽ ദീർഘകാല അടച്ചിടൽ സംഭവിച്ചാൽ ആഘാതം അതിനേക്കാൾ രൂക്ഷമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

എണ്ണയ്ക്കുപുറമെ ശുദ്ധീകരിച്ച ഇന്ധനങ്ങൾ, പെട്രോ-കെമിക്കൽ ഉൽപ്പന്നങ്ങൾ, മറ്റ് ചരക്കുകൾ എന്നിവയുടെ വ്യാപാരത്തിനും ഹോർമുസ് നിർണായകമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഗൾഫ് ക്രൂഡിനുള്ള ഇറക്കുമതിയും കൃഷി ഉൽപ്പന്നങ്ങളായ അരിയുടെ കയറ്റുമതിയും ഉൾപ്പെടെ വ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകാം.

ഏറ്റവുമൊടുവിൽ പ്രതിസന്ധി എത്രകാലം നീണ്ടുനിൽക്കും എന്നതാണ് നിർണായകമാകുന്നത്  ചെറിയ സംഘർഷം വിപണി ചെറുക്കാനിടയുണ്ട്. എന്നാൽ ദീർഘകാല ഉപരോധം ആഗോള വിലക്കയറ്റം, കപ്പൽഗതാഗത ചെലവ്, സാമ്പത്തിക സ്ഥിരത എന്നിവയെ ആഴത്തിൽ ബാധിച്ചേക്കും.