ഇന്ത്യ- കാനഡ വ്യാപാര ചര്‍ച്ചകള്‍ പുന:രാരംഭിച്ചു; 2030ഓടെ 50 ബില്യണ്‍ ഡോളര്‍ ലക്ഷ്യം

ഇന്ത്യ- കാനഡ വ്യാപാര ചര്‍ച്ചകള്‍ പുന:രാരംഭിച്ചു; 2030ഓടെ 50 ബില്യണ്‍ ഡോളര്‍ ലക്ഷ്യം


ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഔദ്യോഗികമായി പുന:രാരംഭിച്ചു. 2030ഓടെ ഇരുരാജ്യങ്ങളുടെയും വ്യാപാരം 50 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.

കാനഡ പ്രധാനമന്ത്രി മാര്‍ക് കര്‍ണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി കരാറിന്റെ നിബന്ധനകള്‍ക്ക് ഇരുപക്ഷവും അന്തിമരൂപം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം 2026 അവസാനം വരെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി.

ചരക്കുകളും സേവനങ്ങളും ഉള്‍പ്പെടെയുള്ള വ്യാപാര മേഖലകള്‍ക്ക് പുറമെ മറ്റ് നയപരമായ മേഖലകളും കരാറില്‍ ഉള്‍പ്പെടും. മന്ത്രിതലങ്ങളിലും ബിസിനസ് പ്രതിനിധി സംഘങ്ങളും ഇടപെടലുകള്‍ നടത്തും. 

ഊര്‍ജം, നിര്‍ണായക ധാതുക്കള്‍, ശുദ്ധ സാങ്കേതികവിദ്യ, ഡിജിറ്റല്‍ നവീകരണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി.

കാനഡയിലെ കാമെകോയും ഇന്ത്യയുടെ ആണവോര്‍ജ വകുപ്പും തമ്മില്‍ 2.6 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള യൂറേനിയം ധാതു വിതരണ കരാറിനെയും നേതാക്കള്‍ സ്വാഗതം ചെയ്തു.

ദ്രവീകൃത പ്രകൃതിവാതകം, ദ്രവീകൃത പെട്രോളിയം വാതകം, ക്രൂഡ് ഓയില്‍, ശുദ്ധീകരിച്ച പെട്രോളിയം ഉldhന്നങ്ങള്‍ എന്നിവയിലുള്ള വ്യാപാരം വിപുലപ്പെടുത്താനും പ്രസ്താവനയില്‍ വ്യക്തമാക്കി.

നിര്‍ണായക ധാതുക്കള്‍ സംബന്ധിച്ച ധാരണാപത്രവും ഒപ്പുവെച്ചു. കാനഡയുടെ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റേയും ഗ്ലോബല്‍ ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സിന്റേയും പങ്കാളിത്തത്തെയും നേതാക്കള്‍ സ്വാഗതം ചെയ്തു.

ഇന്ത്യ- കാനഡ- ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സാങ്കേതികനവീകരണ ധാരണാപത്രം ഒപ്പുവെച്ചത് നിര്‍മിത ബുദ്ധി, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം തുടങ്ങിയ ഉയര്‍ന്ന് വരുന്ന സാങ്കേതിക മേഖലകളിലെ സഹകരണത്തിന് പുതിയ ദിശ നല്‍കുന്നു. പുനരുപയോഗ ഊര്‍ജ്ജം, സാംസ്‌കാരിക സഹകരണം എന്നീ മേഖലകളിലും പ്രത്യേകം ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു.

ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷനും കാനഡയിലെ മിറ്റാക്‌സും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 2027 മുതല്‍ പ്രതിവര്‍ഷം 300 പൂര്‍ണമായും ഫണ്ടുചെയ്ത ഗവേഷണ ഇന്റേണ്‍ഷിപ്പുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും. എഐ, ആരോഗ്യപരിചരണം, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടെ 24 സ്ഥാപനങ്ങള്‍ തമ്മിലുള്ള പങ്കാളിത്തവും നേതാക്കള്‍ സ്വാഗതം ചെയ്തു.

ഇന്ത്യ- കാനഡ പ്രതിരോധ സംവാദം ആരംഭിക്കാനും ഭീകരവിരുദ്ധ പ്രവര്‍ത്തനം, സൈബര്‍ സുരക്ഷ എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. 

നേരത്തെ ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര തലത്തിലുണ്ടായിരുന്ന വിള്ളലുകള്‍ പരിഹരിക്കാനും ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനും ജി 7 ഉച്ചകോടി വേദിയിലെ കൂടിക്കാഴ്ചയിലാണ് തീരുമാനിച്ചത്. 

നിലവില്‍ ഇന്ത്യ- കാനഡ വ്യാപാരത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. 2025ല്‍ കയറ്റുമതി 4.22 ബില്യണ്‍ ഡോളറും ഇറക്കുമതി 4.44 ബില്യണ്‍ ഡോളറുമായിരുന്നു. 2024ലെ 3.84 ബില്യണ്‍ ഡോളറില്‍ നിന്ന് കയറ്റുമതി വര്‍ധിച്ചപ്പോള്‍ ഇറക്കുമതി 4.55 ബില്യണ്‍ ഡോളറില്‍ നിന്ന് കുറയുകയായിരുന്നു.