തെഹ്്‌റാന്‍: സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേലെന്ന ആരോപണവുമായി ഇറാന്‍. 'ഫാള്‍സ് ഫ്‌ളാഗ്' ഓപ്പറേഷനാണ് നടന്നതെന്ന് ഇറാന്‍ വ്യക്തമാക്കി.
ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ തന്‍സിം ന്യൂസ് ഏജന്‍സി ഒരു സൈനിക സ്രോതസിനെ ഉദ്ധരിച്ച് നടത്തിയ റിപ്പോര്‍ട്ടില്‍ അരാംകോയ്ക്കെതിരായ ആക്രമണം ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണങ്ങള്‍ നടത്തിയ കുറ്റങ്ങളില്‍ നിന്ന് പ്രാദേശിക രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ നീക്കമാണെന്ന് അറിയിച്ചു.
അമേരിക്കന്‍, ഇസ്രായേല്‍ താത്പര്യങ്ങളും സ്ഥാപനങ്ങളും സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ഇതിനകം പലതും ആക്രമിച്ചിട്ടുണ്ടെങ്കിലും അരാംകോ ഇറാന്റെ ആക്രമണ പട്ടികയില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ലെന്നും സ്രോതസ് ഏജന്‍സിയോട് പറഞ്ഞു.
കൂടാതെ, ഇന്റലിജന്‍സ് സ്രോതസുകള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം യു എ ഇയിലെ ഫുജൈറ തുറമുഖവും ഇസ്രായേലിന്റെ അടുത്ത ഫാള്‍സ് ഫ്‌ളാഗ് ലക്ഷ്യങ്ങളിലൊന്നാണ്. ഈ ഭരണകൂടം അവിടെ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്നുവെന്നും സ്രോതസ് ആരോപിച്ചു.
സൗദി അറേബ്യയുടെ കിഴക്കന്‍ ഭാഗത്തുള്ള അരാംകോയുടെ എണ്ണ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് മുന്‍കരുതല്‍ നടപടിയായി റാസ് തനൂറയിലെ റിഫൈനറി അടച്ചതായി സ്രോതസുകള്‍ അറിയിച്ചു. സ്ഥിതി നിയന്ത്രണത്തിലാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
