മൊജ്തബ ഖമെനെയി ഇറാനിലെ പുതിയ പരമോന്നത നേതാവ്; തിരഞ്ഞെടുക്കപ്പെട്ടത് മുൻ നേതാവിന്റെ മകൻ

മൊജ്തബ ഖമെനെയി ഇറാനിലെ പുതിയ പരമോന്നത നേതാവ്; തിരഞ്ഞെടുക്കപ്പെട്ടത് മുൻ നേതാവിന്റെ മകൻ


ടെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവായ അലി ഖമെനെയി  കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി അദ്ദേഹത്തിന്റെ മകനായ മൊജ്തബ ഖമെനെയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ വിദഗ്ധ സഭ 56 കാരനായ മതപണ്ഡിതനെ പുതിയ നേതാവായി തിരഞ്ഞെടുത്തതായാണ് വിവരം. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇറാൻ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മൊജ്തബ ഖമെനെയി മുൻ നേതാവിന്റെ രണ്ടാമത്തെ മകനാണ്. വർഷങ്ങളായി അദ്ദേഹം പിതാവിന്റെ പിൻഗാമിയാകാമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നെങ്കിലും, പൊതുപദവി ഒന്നും വഹിച്ചിരുന്നില്ല. എന്നിരുന്നാലും പരമോന്നത നേതാവിന്റെ ഓഫിസിന്റെ കാര്യങ്ങൾ പലതും പ്രായോഗികമായി അദ്ദേഹം കൈകാര്യം ചെയ്തിരുന്നതായി നിരീക്ഷകർ കരുതുന്നു. പൊതുവേദികളിൽ വിരളമായി മാത്രം പ്രത്യക്ഷപ്പെടുന്ന അദ്ദേഹം, അധികം പ്രസംഗങ്ങൾ നടത്തിയിട്ടില്ല. എന്നാൽ ഇറാന്റെ മതാധിഷ്ഠിത ഭരണഘടനാ സംവിധാനത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം ചെറിയതല്ലെന്നാണ് വിലയിരുത്തൽ.

ഇറാൻ-ഇറാഖ് യുദ്ധകാലത്ത് സേവനമനുഷ്ഠിച്ചിരുന്നുവെന്ന വിവരവും ഉണ്ട്. വിപ്ലവ ഗാർഡ് സേനയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

1979 ലെ വിപ്ലവത്തിന് ശേഷം രാജവാഴ്ചയെ തള്ളിക്കളഞ്ഞ് മതാധിഷ്ഠിത ഭരണരീതിയാണ് ഇറാൻ സ്വീകരിച്ചത്. അച്ഛനിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നതുപോലുള്ള നീക്കം വിവാദങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലും ഉയരുന്നു. രാജ്യത്തിനകത്തും പുറത്തും ഇത് ചർച്ചയാകാനിടയുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം വിപ്ലവ ഗാർഡ് സേനയാണ് മൊജ്തബയുടെ തിരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിച്ചത്. അദ്ദേഹത്തെ പുതിയ നേതാവാക്കാൻ മതപണ്ഡിതന്മാരിൽ സമ്മർദം ചെലുത്തിയതായും പറയുന്നു.

ഇറാനിലെ പരമോന്നത നേതാവിന്റെ സ്ഥാനം രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തിന്റെ കേന്ദ്രബിന്ദുവാണ്. വിദേശനയം, പ്രതിരോധം, പ്രധാന ഭരണകാര്യങ്ങൾ എന്നിവയിൽ അന്തിമ തീരുമാനാധികാരം ഈ പദവിക്കാണ്. സായുധസേനയുടെ പരമാധികാരിയും വിപ്ലവ ഗാർഡ് സേനയുടെ തലവനും പരമോന്നത നേതാവാണ്. അതുകൊണ്ടുതന്നെ ഈ സ്ഥാനമാറ്റം ഇറാന്റെ ഭാവി രാഷ്ട്രീയ ദിശ നിർണയിക്കുന്നതിൽ നിർണായകമാകും.