കൊല്‍ക്കത്ത: 2026 ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (BCB). കളിക്കാരുടെ സുരക്ഷയും രാജ്യത്തിന്റെ അഭിമാനവും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് ബംഗ്ലാദേശ് കായികകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്രുല്‍ വ്യക്തമാക്കി. ലീഗ് ഘട്ട മത്സരങ്ങള്‍ ഇന്ത്യയ്ക്കു പകരം സഹ ആതിഥേയ രാജ്യമായ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി (ICC) വീണ്ടും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
ഐസിസി ബംഗ്ലാദേശിന്റെ ആവശ്യം തള്ളിയതിനെത്തുടര്‍ന്നാണ് പ്രതികരണം. ഇന്ത്യയില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുവെന്ന കാര്യത്തിന്റെ ഗൗരവം ഐസിസി പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലെന്ന് ആസിഫ് കുറ്റപ്പെടുത്തി. ഇത് വെറും സുരക്ഷാ പ്രശ്‌നമല്ല, ദേശീയ അപമാനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്ന് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസൂര്‍ റഹ്മാനെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയതും ആശങ്ക വര്‍ധിപ്പിച്ചുവെന്ന് ബിസിബി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ താരങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന പരോക്ഷ അംഗീകാരമാണിതെന്നും ആസിഫ് പറഞ്ഞു.
ഐസിസി പുറത്തിറക്കിയ മത്സരക്രമപ്രകാരം ബംഗ്ലാദേശ് ആദ്യ മൂന്ന് ലീഗ് മത്സരങ്ങള്‍ കൊല്‍ക്കത്തയിലും അവസാന മത്സരം മുംബൈയിലുമാണ് കളിക്കേണ്ടത്. എന്നാല്‍ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബിസിബിയുടെ നിലപാട്. വിഷയത്തില്‍ ബിസിസിഐയില്‍ നിന്ന് വ്യക്തവും തൃപ്തികരവുമായ വിശദീകരണം ലഭിക്കാത്തത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും ബിസിബി വ്യക്തമാക്കി.
ആദ്യം ഐപിഎല്‍ സംപ്രേഷണങ്ങള്‍ ബംഗ്ലാദേശില്‍ വിലക്കിയ ബിസിബി, തുടര്‍ന്ന് ഔദ്യോഗികമായി ഐസിസിയെ സമീപിക്കുകയായിരുന്നു. ഇപ്പോഴും 'നിര്‍മാണാത്മക ചര്‍ച്ചകള്‍' തുടരുമെന്നും, എന്നാല്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാട് മാറ്റമില്ലെന്നും ബിസിബി അറിയിച്ചു.
'നമ്മുടെ താരങ്ങളുടെ സുരക്ഷയും ബംഗ്ലാദേശിന്റെ അഭിമാനവും സംബന്ധിച്ചിടത്തോളം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ലോകകപ്പ് കളിക്കണം, പക്ഷേ ശ്രീലങ്കയില്‍,' ആസിഫ് നസ്രുല്‍ വ്യക്തമാക്കി. തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ അനുസരിച്ച് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ അഭിമാനം പ്രധാനം: ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് ബംഗ്ലാദേശ്
