ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ മത്സരിക്കാന്‍ നിബന്ധനകള്‍ മുന്നോട്ടുവെച്ച് പാകിസ്ഥാന്‍

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ മത്സരിക്കാന്‍ നിബന്ധനകള്‍ മുന്നോട്ടുവെച്ച് പാകിസ്ഥാന്‍


ലാഹോര്‍: ട്വന്റി 20 ലോകകപ്പില്‍ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരെയുള്ള മത്സരത്തിനിറങ്ങാന്‍ നിബന്ധനകള്‍ മുന്നോട്ടുവെച്ച് പാകിസ്ഥാന്‍. ഐ സി സി വരുമാനത്തില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടുതല്‍ വിഹിതം ലഭിക്കണമെന്നും ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ പുന:സ്ഥാപിക്കണമെന്നും ഇന്ത്യ- പാക് മത്സരത്തില്‍ താരങ്ങള്‍ പരസ്പരം ഹസ്തദാനത്തിന് തയാറാക്കണമെന്നുമുള്ള നിബന്ധനകളാണ് നഖ്വിയും പി സി ബിയും ഐ സി സിക്കു മുന്നില്‍ വച്ചിരിക്കുന്നത്.

മത്സരം ബഹിഷ്‌കരിച്ചാല്‍ നേരിടേണ്ടി വരുന്ന നടപടികള്‍ ഐ സി സി പ്രതിനിധികള്‍ പി സി ബി അംഗങ്ങളെ അറിയിച്ചതോടെയാണ് പാകിസ്ഥാന്‍ നിബന്ധനകള്‍ പറഞ്ഞത്. പി സി ബിയിലെ ഒരുവിഭാഗത്തിന് ഇന്ത്യ- പാക് മത്സരം നടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പി സി ബി ചെയര്‍മാനും പാക് മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വിയുടെ കടുംപിടുത്തമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീം നഖ്വിയില്‍നിന്നാണ് ട്രോഫി ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചിരുന്നു. അതേ തുടര്‍ന്ന് നഖ്വി ഏഷ്യ കപ്പ് ട്രോഫി പാക്കിസ്ഥാനില്‍ കൊണ്ടുപോയി പി സി ബി ആസ്ഥാനത്തു വെക്കുകയായിരുന്നു. 

ലോകകപ്പില്‍ നിന്ന് പുറത്താക്കിയതിനു ബംഗ്ലാദേശിനു നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും ലോകകപ്പില്‍ പങ്കെടുക്കുന്നില്ലെങ്കിലും ഓരോ മത്സരങ്ങളുടെയും പങ്കാളിത്ത ഫീസ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് കൃത്യമായി നല്‍കണമെന്നും ഭാവിയില്‍ ഐ സി സിയുടെ ഒരു പ്രധാന ടൂര്‍ണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലാദേശിന് അനുവദിക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് പ്രശ്‌നം സൗഹാര്‍ദപരമായി പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി അമിനുല്‍ ഇസ്ലാം ബുള്‍ബുളും ഐ സി സി പ്രതിനിധി സംഘത്തെ കാണാന്‍ ഞായറാഴ്ച ലാഹോറിലെത്തിയിരുന്നു.