വാഷിംഗ്ടണ്‍: ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട വാദം കേള്‍ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് സുപ്രിം കോടതിയില്‍. ഇതോടെ സുപ്രിം കോടതി വാദത്തില്‍ നേരില്‍ പങ്കെടുക്കുന്ന ആദ്യ സിറ്റിംഗ് യു എസ് പ്രസിഡന്റാകും ട്രംപ്.
2025 ജനുവരിയില്‍ തന്റെ രണ്ടാം കാലാവധി ആരംഭിച്ചപ്പോള്‍ ട്രംപ് ഒപ്പുവെച്ച ആദ്യ എക്‌സിക്യൂട്ടീവ് ഓര്‍ഡറുമായാണ് ഈ കേസ് ബന്ധപ്പെട്ടിരിക്കുന്നത്. ഇത് ഭരണഘടനയിലെ 14-ാം ഭേദഗതിയെയും 1940 മുതല്‍ പ്രാബല്യത്തിലുള്ള ഫെഡറല്‍ നിയമങ്ങളെയുമാണ് വെല്ലുവിളിക്കുന്നത്.
മുമ്പ് യു എസ് പ്രസിഡന്റുമാര്‍ സുപ്രിം കോടതിയില്‍ പങ്കെടുത്തത് സത്യപ്രതിജ്ഞയോ അന്ത്യകര്‍മ്മങ്ങളോ പോലുള്ള ചടങ്ങുകള്‍ക്കായി മാത്രമാണ്. ഒരു നിയമവാദം കേള്‍ക്കാന്‍ ഇതുവരെ ഒരു പ്രസിഡന്റും എത്തിയിട്ടില്ല. എന്നാല്‍ ഭരണകൂടത്തിന്റെ നിലപാടിന്റെ ഗൗരവം പ്രകടിപ്പിക്കാന്‍ പ്രസിഡന്റിന്റെ സാന്നിധ്യം അത്യാവശ്യമാണ് എന്ന് ട്രംപ് കരുതുന്നുണ്ടെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ട്രംപ് ഭരണകൂടം നടപ്പാക്കിയ ആഗോള താരിഫുകള്‍ 2026 ഫെബ്രുവരിയില്‍ സുപ്രിം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം. അന്ന് 6-3 എന്ന ഭൂരിപക്ഷ വിധിക്ക് മുന്‍പ് താരിഫുകള്‍ ഇല്ലെങ്കില്‍ രാജ്യം സാമ്പത്തികമായി പ്രതിസന്ധിയിലാകുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ട്രംപും അദ്ദേഹത്തിന്റെ സാമ്പത്തിക സംഘവും വ്യാപാര നയം കോടതികള്‍ ഇടപെടാതെ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിദേശനയത്തില്‍ താരിഫുകളുടെ പ്രധാന പങ്കും വരുമാന സമാഹരണത്തിലെ അതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞിരുന്നു.
ആദ്യമായി അമേരിക്ക നിര്‍ദ്ദേശിച്ച 50 ശതമാനം താരിഫ് ഇന്ത്യയ്ക്കു മേലാണ് ഏര്‍പ്പെടുത്തിയത്.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം ട്രംപിന് താത്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ അധികമായി 25 ശതമാനം താരിഫ് കൂടി ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും മൊത്തത്തില്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഏകദേശം 48.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതികളെയാണ് താരിഫ് ബാധിച്ചത്.
