നേറ്റോ കടലാസ് പുലി; സഖ്യത്തില്‍ നിന്ന് യു എസ് പിന്മാറുമെന്ന് ട്രംപ്

നേറ്റോ കടലാസ് പുലി; സഖ്യത്തില്‍ നിന്ന് യു എസ് പിന്മാറുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: നേറ്റോ സഖ്യത്തില്‍ നിന്ന് തന്റെ രാജ്യത്തെ പിന്‍വലിക്കുന്നത് പരിഗണിക്കുന്നതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു കെ ദിനപത്രമായ ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മാത്രമല്ല നേറ്റോയെ ട്രംപ് കടലാസ് പുലിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 

നേറ്റോ ഒരിക്കലും തന്നെ സ്വാധീനിച്ചിട്ടില്ലെന്നും  അവര്‍ ഒരു കടലാസ് പുലിയാണെന്ന് തനിക്കറിയാമായിരുന്നുവെന്നും പിന്നീട് പുടിനും അത് അറിയാമെന്നും ട്രംപ് പറഞ്ഞു. 

മിഡില്‍ ഈസ്റ്റിലെ യുദ്ധം പുരോഗമിക്കുമ്പോള്‍ തെഹ്റാന്‍ അടച്ചിട്ട ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ സഹായിക്കുന്നതിന് നാവിക സേനയെ ഇറക്കണമെന്ന തന്റെ ആഹ്വാനത്തോട് പ്രതികരിക്കാത്തതിന് പാശ്ചാത്യ പങ്കാളികളെ ട്രംപ് പലതവണ കുറ്റപ്പെടുത്തിയിട്ടുണ്ട്.

യു എസ് നേറ്റോയുമായുള്ള ബന്ധം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി  മാര്‍ക്കോ റൂബിയോയും ആവര്‍ത്തിച്ചു.

സംഘര്‍ഷം അവസാനിച്ചതിനുശേഷം ബന്ധം പുനഃപരിശോധിക്കേണ്ടിവരുമെന്നും നേറ്റോയുടെ മൂല്യം പുനഃപരിശോധിക്കേണ്ടിവരുമെന്നും ഫോക്‌സ് ന്യൂസില്‍ അവതാരകനായ ഷോണ്‍ ഹാനിറ്റിയോട് റൂബിയോ പറഞ്ഞു.

അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേറ്റോയുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ നേറ്റോ വണ്‍വേ സ്ട്രീറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരായ യുദ്ധത്തിന്റെ ഭാഗമായി വ്യോമാക്രമണം നടത്താന്‍ വാഷിംഗ്ടണ്‍ നേറ്റോ സഖ്യകക്ഷികളോട് ആവശ്യപ്പെടുന്നില്ലെങ്കിലും അവരുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള ആവശ്യം ഉന്നയിക്കുമ്പോള്‍ ഉത്തരം 'ഇല്ല?' എന്നാണെന്ന് റൂബിയോ പറഞ്ഞു. പിന്നെന്തിനാണ് തങ്ങള്‍ നേറ്റോയിലെന്നും ആ ചോദ്യം ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ യു എസ് സൈന്യത്തെ അവരുടെ മണ്ണില്‍ താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതിന് ശേഷമാണ് റൂബിയോ അഭിപ്രായം പറഞ്ഞത്.

ഒരു യുദ്ധ ദൗത്യത്തിനായി മിഡില്‍ ഈസ്റ്റിലേക്ക് പോകുകയായിരുന്ന ഒരു യു എസ് വിമാനത്തിന് ഇറങ്ങാന്‍ ഇറ്റലി അനുമതി നിഷേധിച്ചതായി വെളിപ്പെടുത്തി.

ഇറാനെതിരെയുള്ള നീക്കങ്ങളില്‍ യു എസ് വിമാനങ്ങള്‍ക്ക് സ്‌പെയിന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയില്ല.

അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നേറ്റോയ്ക്ക് അനുകൂലമായി സംസാരിച്ചു. ലോകം കണ്ടതില്‍ ഏറ്റവും ഫലപ്രദമായ ഏക സൈനിക സഖ്യം എന്നാണ് അദ്ദേഹം വിളിച്ചത്. പതിറ്റാണ്ടുകളായി തങ്ങളെ സുരക്ഷിതരാക്കി നിലനിര്‍ത്തിയിട്ടുണ്ടെന്നും തങ്ങള്‍ നേറ്റോയോട് പ്രതിബദ്ധതയുള്ളവരാണെന്നും സ്റ്റാര്‍മര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യു കെ ഈ ആഴ്ച ഏകദേശം 35 രാജ്യങ്ങളുടെ യോഗം സംഘടിപ്പിക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

ചര്‍ച്ചകള്‍ എപ്പോള്‍ നടക്കുമെന്ന് വ്യക്തമാക്കാതെ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിനിടെ സ്റ്റാര്‍മര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നാവിഗേഷന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സുപ്രധാന വസ്തുക്കളുടെ ചലനം പുന:രാരംഭിക്കുന്നതിനും സ്വീകരിക്കാവുന്ന എല്ലാ പ്രായോഗിക നയതന്ത്ര, രാഷ്ട്രീയ നടപടികളും യോഗം വിലയിരുത്തുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

പ്രസ്തുത യോഗത്തിന് ശേഷം സംഘര്‍ഷം അവസാനിച്ചതിനുശേഷം തങ്ങളുടെ കഴിവുകള്‍ എങ്ങനെ വികസിപ്പിക്കാമെന്നും കടലിടുക്ക് ആക്‌സസ് ചെയ്യാവുന്നതും സുരക്ഷിതവുമാക്കാമെന്നും പരിശോധിക്കാന്‍ തങ്ങളുടെ സൈനിക ആസൂത്രകരെയും വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.