ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കി. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ശാരീരികമായി ഉപദ്രവിച്ചാല്‍ കടുത്ത ശിക്ഷയുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിനാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയത്.
ബില്ലുകളിലെ ചില വ്യവസ്ഥകളില്‍ വിമര്‍ശനം ശക്തമാവുന്നതിനിടെയാണ് കേന്ദ്ര നടപടി. ട്രാന്‍സ് വിഭാഗവും പ്രതിപക്ഷവും സുപ്രിം കോടതിയും ഉള്‍പ്പെടെ ബില്ലില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ബില്‍ പിന്‍വലിക്കുന്നത് പരിഗണിക്കാനാവശ്യപ്പെട്ട് സുപ്രിം കോടതി പ്രത്യേക സമിതി കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിനിടെയാണ് ബില്ല് നിയമമാവുന്നത്.
സ്വവര്‍ഗാനുരാഗികള്‍ എന്ന വിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണ) ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുന്നില്ലെന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടെയാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഒരു വ്യക്തി ട്രാന്‍സ്‌ജെന്‍ഡറാണോ എന്ന് സ്വയം ആവകാശപ്പെടാന്‍ സാധിക്കില്ലെന്നതാണ് മറ്റൊരു വ്യവസ്ഥ. ട്രാന്‍സ്ജെന്‍ഡര്‍ പദവി നിര്‍ണയിക്കാന്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുള്‍പ്പെട്ട അതോറിറ്റിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
