'ഇത് നമ്മുടെ യുദ്ധമല്ല': ഇറാൻ വിഷയത്തിൽ ഇടപെടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ

'ഇത് നമ്മുടെ യുദ്ധമല്ല': ഇറാൻ വിഷയത്തിൽ ഇടപെടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ


ലണ്ടൻ: ഇറാൻ യുദ്ധത്തിൽ ബ്രിട്ടൻ നേരിട്ട് ഇടപെടില്ലെന്ന് കെയർ സ്റ്റാർമർ വ്യക്തമാക്കി. 'ഇത് നമ്മുടെ യുദ്ധമല്ല, അതിലേക്ക് ഞങ്ങളെ വലിച്ചിഴക്കാൻ അനുവദിക്കില്ല' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, നേറ്റോ ലോകത്തിലെ ഏറ്റവും ഫലപ്രദമായ സൈനിക കൂട്ടായ്മയാണെന്നും, അതിനോടുള്ള ബ്രിട്ടന്റെ പ്രതിബദ്ധത പൂർണമായും തുടരുമെന്നും സ്റ്റാർമർ പറഞ്ഞു. ദേശീയ താൽപര്യം മുൻനിർത്തിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തെ തുടർന്ന് തടസ്സപ്പെട്ട പ്രധാന കടൽമാർഗമായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ഈ ആഴ്ച ബ്രിട്ടൻ 35 രാജ്യങ്ങളുടെ യോഗം സംഘടിപ്പിക്കും. കപ്പലുകളും നാവികരും സുരക്ഷിതമായി സഞ്ചരിക്കാൻ സാഹചര്യം ഒരുക്കുക എന്നതാണ് ലക്ഷ്യം.

യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും സ്റ്റാർമർ ചൂണ്ടിക്കാട്ടി. പ്രതിരോധവും സാമ്പത്തിക ഭാവിയും ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.