തെഹ്‌റാന്‍: ഭാവിയില്‍ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ തന്റെ രാജ്യത്തിന് താത്പര്യമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സൂചിപ്പിച്ചു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പെസെഷ്‌കിയാന്‍ ഇക്കാര്യം പറഞ്ഞത്. ഇത് തെഹ്‌റാന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഈ പ്രസ്താവന ഇറാന്റെ പൊതു നിലപാടിലെ അയവിനെ് സൂചിപ്പിക്കുന്നതും യുദ്ധത്തിന്റെ ഭാവിയെ സ്വാധീനിക്കാന്‍ കഴിയുന്നതുമായ മാറ്റമായാണ് കണക്കാക്കുന്നത്.
ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണ്ണമായി തുറക്കാത്ത സാഹചര്യത്തിലും ഇറാനെതിരായ സൈനിക പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ കൂടി ഇതോടൊപ്പം കൂട്ടിവായിക്കണം.
വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ വലിയ സൈനിക നടപടി ആരംഭിക്കുന്നത് സംഘര്‍ഷം നാലു മുതല്‍ ആറു ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്നതിനാല്‍ അത് ഒഴിവാക്കാനാണ് ട്രംപും സംഘവും തീരുമാനിച്ചത്. ഇപ്പോഴത്തെ തന്ത്രം ഇറാന്റെ മിസൈല്‍ ശേഖരവും നാവിക ശേഷിയും ദുര്‍ബലമാക്കുകയും പിന്നീട് നയതന്ത്ര സമ്മര്‍ദ്ദം വഴി ആഗോള വ്യാപാര പ്രവാഹം പുനഃസ്ഥാപിക്കുകയുമാണ്.
അതോടൊപ്പം കൂടുതല്‍ സൈനിക ശക്തി വിന്യസിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക വലിയ ശക്തി ഉപയോഗിക്കാന്‍ തയ്യാറാണ് എന്ന മുന്നറിയിപ്പ് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.
ട്രൂത്ത് സോഷ്യലില്‍ നടത്തിയ പ്രസ്താവനയില്‍, ഉടന്‍ ഒരു കരാര്‍ ഉണ്ടാകാത്ത പക്ഷവും ഹോര്‍മൂസ് കടലിടുക്ക് ഉടന്‍ വ്യാപാരത്തിനായി തുറക്കാത്ത പക്ഷവും അമേരിക്ക ഇറാന്റെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വൈദ്യുതി നിലയങ്ങള്‍, എണ്ണ കിണറുകള്‍, ഖാര്‍ഗ് ദ്വീപ് എന്നിവ ഉള്‍പ്പെടെ പൂര്‍ണ്ണമായും നശിപ്പിക്കും എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
