മിയാമി: അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്ത് ശ്രദ്ധേയമായ പേരുമാറ്റ തീരുമാനവുംപുതിയ നിർമാണ പദ്ധതിയും ചർച്ചയാകുന്നു. പാം ബീച്ച് ഇന്റർനാഷണൽ എയർപോർട്ട് 'യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്റർ നാഷണൽ എയർപോർട്ട്' എന്ന പേരിലേക്ക് മാറ്റാൻ ഗവർണർ റോൺ ഡി സാന്റിസ് ഒപ്പുവച്ചു. ട്രംപിന്റെ മാർഎലാഗോ എസ്റ്റേറ്റിനോട് ചേർന്നുള്ള വിമാനത്താവളത്തിന് ഈ പേരുമാറ്റം ജൂലൈയിൽ പ്രാബല്യത്തിൽ വരും.
ഇതിനിടെ, തിങ്കളാഴ്ച (മാർച്ച് 30, 2026) ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ ലൈബ്രറിയുടെ രൂപരേഖയും പുറത്തുവന്നു. മിയാമി നഗരത്തിലെ സ്‌കൈലൈൻ പശ്ചാത്തലത്തിൽ ഉയരുന്ന ഭീമൻ ടവറാണ് വീഡിയോയിൽ കാണിക്കുന്നത്. 'ട്രംപ്' എന്ന സൈൻ ബോർഡ് പതിപ്പിച്ചിരിക്കുന്ന ടവറിന്റെ അകത്തും പുറത്തും ഉള്ള കാഴ്ചകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രസിഡൻഷ്യൽ ജെറ്റ് പാർക്ക് ചെയ്ത ലോബിയും 2015ലെ പ്രചാരണ പ്രഖ്യാപനത്തിൽ ഉപയോഗിച്ച സ്വർണ എസ്‌കലേറ്ററിനോട് സാമ്യമുള്ള സംവിധാനവും വീഡിയോയിൽ കാണാം. കൂടാതെ, വൈറ്റ് ഹൗസിനായി ആലോചിച്ചിരിക്കുന്നതുപോലെ വലിയ ബോൾറൂം, ഒവൽ ഓഫീസ് മാതൃക, റൂഫ്‌ടോപ്പ് ഗാർഡനുകൾ, ട്രംപിന്റെ സ്വർണ പ്രതിമ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മിയാമി ആസ്ഥാനമായ ബെർമെല്ലോ അജമിൽ എന്ന സ്ഥാപനമാണ് രൂപകൽപ്പനയ്ക്ക് പിന്നിൽ. ലൈബ്രറിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് 'കമിംഗ് സൂൺ' എന്ന സന്ദേശത്തോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്; സംഭാവനകൾക്കും അവസരം നൽകിയിട്ടുണ്ട്.
ഡൗൺടൗൺ മിയാമിയിലെ ഏകദേശം മൂന്ന് ഏക്കർ സ്ഥലമാണ് ലൈബ്രറിക്കായി മിയാമി ഡേഡ് കൊളെജ് നൽകിയത്. ഏകദേശം 67 മില്യൺ ഡോളർ വിലമതിക്കുന്ന ഈ സ്ഥലത്തിന്റെ കൈമാറ്റത്തെ ചോദ്യം ചെയ്ത് നൽകിയ പരാതിയും ഡിസംബർ മാസത്തിൽ കോടതി തള്ളിയിരുന്നു.
ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയതിനു ശേഷം വിവിധ അമേരിക്കൻ സ്ഥാപനങ്ങൾക്ക് തന്റെ പേര് നൽകാനുള്ള നീക്കങ്ങൾ ശക്തമാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാം ബീച്ചിൽ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള റോഡും ഇതിനകം 'ഡോണൾഡ് ജെ. ട്രംപ് ബുലേവാർഡ്' ആയി പുനർനാമകരണം ചെയ്തിട്ടുണ്ട്.
പാം ബീച്ച് വിമാനത്താവളത്തിന് ട്രംപിന്റെ പേര്; മിയാമിയിൽ ഭീമൻ പ്രസിഡൻഷ്യൽ ലൈബ്രറി പദ്ധതിയും
