ഊര്‍ജ്ജ വിപണി സ്ഥിരപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജി7 രാജ്യങ്ങള്‍

ഊര്‍ജ്ജ വിപണി സ്ഥിരപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജി7 രാജ്യങ്ങള്‍


പാരീസ്: പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുന്നതിനിടെ ക്രൂഡ് ഓയില്‍ വില 116 ഡോളറായി ഉയര്‍ന്നതോടെ ഊര്‍ജ്ജ വിപണികളെ സ്ഥിരപ്പെടുത്താന്‍ 'ആവശ്യമായ എല്ലാ നടപടികളും' സ്വീകരിക്കുമെന്ന് ജി7 പ്രഖ്യാപിച്ചു. ഊര്‍ജ്ജ വിപണിയുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിന് പങ്കാളികളുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗ്രൂപ്പ് അറിയിച്ചു. 

ധനമന്ത്രിമാര്‍, ഊര്‍ജ്ജ മന്ത്രിമാര്‍, കേന്ദ്ര ബാങ്ക് മേധാവികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംയുക്ത പ്രസ്താവനയില്‍ പൂര്‍ണ്ണമായ ആഗോള മാന്ദ്യം തടയുന്നതിന് ഊര്‍ജ്ജ വിപണികളില്‍ കൂടുതല്‍ ഇടപെടാനുള്ള സന്നദ്ധത ഗ്രൂപ്പ് സൂചിപ്പിച്ചു. ഹൈഡ്രോകാര്‍ബണുകള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും അന്യായമായ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ഥിക്കുന്നുവെന്ന് അടിയന്തര ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

യു എസ്, യു കെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, കാനഡ, ജപ്പാന്‍ എന്നിവയുള്‍പ്പെടെ വികസിത പാശ്ചാത്യ സമ്പദ്വ്യവസ്ഥകളുടെ കൂട്ടായ്മയാണ് ജി7. 

തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 116 ഡോളര്‍ കടന്നതോടെയാണ് യോഗം ചേര്‍ന്നത്. 

ജി 7 സെന്‍ട്രല്‍ ബാങ്കുകള്‍ വില സ്ഥിരത നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും നിലവിലുള്ള സംഘര്‍ഷത്തിലെ കൂടുതല്‍ സംഭവവികാസങ്ങളോട് പ്രതികരിക്കാന്‍ അംഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വീണ്ടും യോഗം ചേരാന്‍ തയ്യാറാണെന്നും ജി7ലും അന്താരാഷ്ട്ര പങ്കാളികളുമായും വിവരങ്ങള്‍ കൈമാറുന്നത് തുടരുകയും അടുത്ത് ഏകോപിപ്പിക്കുകയും ചെയ്യുമെന്ന് അറിയിച്ചാണ് സെഷന്‍ അവസാനിച്ചത്. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ 32 അംഗ രാജ്യങ്ങള്‍ ഏകദേശം 400 ദശലക്ഷം ബാരല്‍ അടിയന്തര ക്രൂഡ് ഓയില്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടും വില സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നതിന് കൂടുതല്‍ അടിയന്തര എണ്ണ വിതരണം നിര്‍വഹിക്കാന്‍ ജി7 രാജ്യങ്ങള്‍ തയ്യാറാകണമെന്ന് യോഗത്തിന് ശേഷം ജപ്പാന്‍ ധനമന്ത്രി സത്സുകി കടയാമ പറഞ്ഞു.