കണ്ണൂര്‍: ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്നും നേതാക്കള്‍ തിരിമറി നടത്തിയെന്നതിന് തെളിവുകള്‍ പുറത്തുവിട്ട് സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ള രേഖകളാണ് കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ടത്.
2018 ജൂലൈ 9ന് പയ്യന്നൂര്‍ റൂറല്‍ ബാങ്കിലെ ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.
കോവിഡ് കാലമായതിനാല്‍ പണം കൈമാറുന്നതിന് പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും അതിനാലാണ് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതെന്നായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്.
വി കുഞ്ഞികൃഷ്ണന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ്:
പയ്യന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതല്‍ സി പി എം കേന്ദ്രങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരില്‍ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാര്‍ട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്.
നിഷേധിക്കാന്‍ പറ്റാത്ത വിധം തെളിവുകള്‍ സംസാരിക്കട്ടെ എന്നാണെങ്കില്‍, ആ തെളിവുകള്‍ മുന്നോട്ടു വയ്ക്കാന്‍ കണക്കുകള്‍ പരിശോധിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാന്‍ തയ്യാറാണ്. ഈ തെളിവുകള്‍ക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താന്‍ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങള്‍ക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നില്‍ക്കുന്ന സത്യം. ആ സത്യത്തെ നിങ്ങള്‍ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇനിയും സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങള്‍ 'ധൈര്യപ്പെടേണ്ട'.
2018 ജൂലൈ മാസം ഒമ്പതാം തിയ്യതി പയ്യന്നൂര്‍ റൂറല്‍ ബാങ്ക് മെയിന്‍ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് ഞാന്‍ പൊതുസമക്ഷം വയ്ക്കുകയാണ്.
ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുന്‍പാകെ കാണിച്ചതിന്റെ പകര്‍പ്പും ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പയ്യന്നൂരിലെ പാര്‍ട്ടി നേതൃത്വം ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഈ പാര്‍ട്ടിക്കും ഇന്നാട്ടിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇനി വേണ്ടത്?
നിങ്ങള്‍ നടത്തിയ ഈ ധനാപഹരണം ഈ പാര്‍ട്ടിയേയും പാര്‍ട്ടിയെ വിശ്വസിക്കുന്ന പാര്‍ട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചില്‍ തൊട്ട് പറയാന്‍ സാധിക്കുമോ നിങ്ങള്‍ക്ക്?
ഈ തെളിവുകള്‍ പയ്യന്നൂരിലെ ജനങ്ങള്‍ മനസ്സിലാക്കും. അഴിമതിക്കാര്‍ ആരാണെന്ന് ജനം വിലയിരുത്തും.
പോരാട്ടം തുടരുകയാണ്...
