പ്രധാനമന്ത്രി വാക്ക് പാലിച്ചില്ല'; എഫ്സിആർഎ നിയമ ഭേദഗതിയിൽ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ

പ്രധാനമന്ത്രി വാക്ക് പാലിച്ചില്ല'; എഫ്സിആർഎ നിയമ ഭേദഗതിയിൽ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ


കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) വിവാദ ഭേദഗതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചിരുന്നെന്നും അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും സഭാധ്യക്ഷൻ കുറ്റപ്പെടുത്തി.

മലങ്കര സഭയുടെ മൂന്ന് പ്രധാന എഫ്സിആർഎ അക്കൗണ്ടുകൾ നിലവിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് സഭയുടെ കീഴിലുള്ള ചാരിറ്റബിൾ പ്രവർത്തനങ്ങളെയും സാമൂഹിക സേവനങ്ങളെയും സാരമായി ബാധിക്കുന്നു.

വിശ്വാസികൾ ഭക്തിപൂർവ്വം നൽകുന്ന നേർച്ചപ്പണത്തെപ്പോലും സംശയത്തോടെ കാണുന്ന സർക്കാർ സമീപനം ശരിയല്ല. സഭകൾ നൽകുന്ന നിസ്തുലമായ സാമൂഹിക സേവനങ്ങളെ ഭരണകൂടം വിസ്മരിക്കരുത്.

ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ മാറ്റം വരുന്നുണ്ടോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. പുതിയ നിയമ ഭേദഗതികൾ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണം.

വിഷയത്തിൽ മറ്റ് ക്രൈസ്തവ സഭകളുമായി ആലോചിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സഭാവിശ്വാസികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഇടയിൽ വലിയ ചർച്ചകൾക്ക് ഈ പ്രസ്താവന വഴിവെച്ചിട്ടുണ്ട്.