പരിഹാസത്തിന് പിന്നാലെ സൗദി കിരീടാവകാശിയെ പ്രശംസിച്ച് ട്രംപ്

പരിഹാസത്തിന് പിന്നാലെ സൗദി കിരീടാവകാശിയെ പ്രശംസിച്ച് ട്രംപ്


ഫ്‌ളോറിഡ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പരിഹസിച്ച ട്രംപ് പിന്നാലെ അദ്ദേഹം പ്രശംസിച്ചും രംഗത്തെത്തി. രണ്ടും വിവാദമായി. 

സൗദി പിന്തുണയുള്ള ഒരു നിക്ഷേപ ഫോറത്തില്‍ പ്രസംഗിക്കവെ ഇറാനെതിരായ യുദ്ധത്തില്‍ സഹകരിക്കുന്നതിനിടെ സൗദി കിരീടാവകാശിക്ക് തനിക്ക് അനുകൂലമായി പെരുമാറേണ്ടിവന്നുവെന്ന് ട്രംപ് പരാമര്‍ശിച്ചു.

ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ ഒരു 'മരിച്ച രാജ്യം' ആയിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. തുടര്‍ന്ന്, കിരീടാവകാശി തന്റെ നേതൃത്വത്തെ കുറിച്ച് തെറ്റായി വിലയിരുത്തിയിരുന്നുവെന്നും ട്രംപ് ആരോപിച്ചു.

ഇത് സംഭവിക്കുമെന്ന് അദ്ദേഹം കരുതിയില്ലെന്നും അദ്ദേഹം തനിക്ക് അനുകൂലമായി പെരുമാറേണ്ടിവരുമെന്ന് കരുതിയില്ലെന്നും മറ്റൊരു പരാജയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റായിരിക്കുമെന്ന്  കരുതിയതായും എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് തന്നോട് നല്ല രീതിയില്‍ പെരുമാറേണ്ടിവരുന്നുവെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ഉടന്‍ തന്നെ തന്റെ നിലപാട് മാറ്റി, മുഹമ്മദ് ബിന്‍ സല്‍മാനെ മികച്ച വ്യക്തിയും യോദ്ധാവും എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സൗദി അറേബ്യയ്ക്ക് അഭിമാനിക്കാമെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയോടൊപ്പം ഖത്തര്‍, യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നിവയും അമേരിക്കയെ പിന്തുണച്ചതായി ട്രംപ് വ്യക്തമാക്കി. അവര്‍ ഞങ്ങളോടൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ പുറത്ത് വന്നത്.

ഇതിനിടെ, ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെടുന്നത, ഇറാനുമായി ഉണ്ടാകുന്ന ഏതൊരു കരാറും യുദ്ധം അവസാനിപ്പിക്കുന്നതിലൊതുങ്ങാതെ ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ശേഷികളെ സ്ഥിരമായി നിയന്ത്രിക്കണമെന്നും ആഗോള ഊര്‍ജ വിതരണത്തെ വീണ്ടും ആയുധമാക്കുന്നത് തടയണമെന്നുമാണ്.

ഇറാന്‍ നിരന്തരം ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് നയതന്ത്രപരമായ പിന്‍വാങ്ങല്‍ മാര്‍ഗങ്ങള്‍ ഇല്ലാതായതായി ഗള്‍ഫ് രാജ്യങ്ങള്‍ സ്വകാര്യമായി അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫെബ്രുവരി 28ന് ആരംഭിച്ച സംഘര്‍ഷത്തില്‍ 12-ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 4,500-ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായും ഇതില്‍ 1,900 പേര്‍ ഇറാനില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.