വാഷിംഗ്ടൺ/ ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഒരു മാസം നീണ്ട യുദ്ധം നിർണായക ഫലം കണ്ടിട്ടില്ലാത്ത സാഹചര്യത്തിൽ, ഇറാനിൽ നിലത്താക്രമണം നടത്താനുള്ള സാധ്യതകൾ അമേരിക്ക പരിശോധിക്കുന്നതായി റിപ്പോർട്ട്. പെന്റഗൺ തയ്യാറാക്കുന്ന പദ്ധതികൾ പ്രകാരം, പൂർണ്ണമായ അധിനിവേശമല്ലാതെ ആക്രമണങ്ങളും പത്യേക സൈനിക നീക്കങ്ങളും ഉൾപ്പെടുന്ന ഓപ്പറേഷനുകളാണ് പരിഗണനയിൽ.
റിപ്പോർട്ടുകൾ അനുസരിച്ച്, ഹോർമൂസ് കടലിടുക്കിന്റെ സമീപ പ്രദേശങ്ങളിൽ റെയ്ഡുകൾ നടത്തുകയും, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, വ്യാപാരസൈനിക കപ്പലുകൾക്ക് ഭീഷണിയായ ആയുധ സംവിധാനങ്ങൾ നശിപ്പിക്കാനും ശ്രമം ഉണ്ടാകാം. ഈ നീക്കങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, ഏകദേശം 3,500 മറൈൻസും നാവികരും പശ്ചിമേഷ്യയിൽ എത്തിച്ചേർന്നതായി യുഎസ് സെൻട്രൽ കമാന്റ് സ്ഥിരീകരിച്ചു. എന്നാൽ, ഇറാനിൽ സൈന്യം വിന്യസിക്കില്ലെന്ന് ഡോണൾഡ് ട്രംപ് മുൻപ് പറഞ്ഞിരുന്നുവെങ്കിലും, സമാധാന നിർദ്ദേശം നിരസിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന മുന്നറിയിപ്പ്.
അതേസമയം, ഇറാൻ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. അമേരിക്കൻ സൈന്യം ഇറാനിലെത്തിയാൽ 'ശവപ്പെട്ടിയിലേ തിരികെ പോകൂ' എന്ന മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക അധികമായി സൈനികരെ അയയ്ക്കാൻ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, യെമനിലെ ഹൂത്തി സഖ്യങ്ങളെ സജീവമാക്കുമെന്നും ഇറാൻ സൂചന നൽകി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുമ്പോൾ, സമാധാന ശ്രമങ്ങൾ ഫലപ്രദമാകുമോ എന്നത് അനിശ്ചിതത്വത്തിലാണ്.
ഹോർമൂസ് കടലിടുക്കിൽ റെയ്ഡുകൾക്കും ഖാർഗ് ദ്വീപ് പിടിച്ചെടുക്കലിനും നീക്കം: ഇറാനിൽ കരയാക്രമണം പരിഗണിച്ച് അമേരിക്ക
