ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഊര്‍ജവിതരണത്തിലെ വലിയ തടസ്സങ്ങളും ലോജിസ്റ്റിക് വെല്ലുവിളികളും സൃഷ്ടിച്ചതിനാല്‍ ഇന്ത്യയുടെ സാമ്പത്തിക ഭാവി കൂടുതല്‍ അനിശ്ചിതമായതായി മാറിയതായി 2026 മാര്‍ച്ചിലെ മാസാന്ത സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ധനകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി വരെ ശക്തമായ ആവശ്യവും വ്യവസായ പ്രവര്‍ത്തനവും പിന്തുണച്ചതോടെ ഇന്ത്യയുടെ സാമ്പത്തിക സാധ്യതകള്‍ ദൃഢമായതായിരുന്നു എന്നും സാമ്പത്തികകാര്യ വകുപ്പ് സൂചിപ്പിച്ചു. വിതരണ- ആവശ്യ സൂചികകളിലുടനീളം മികച്ച പ്രകടനമായിരുന്നു കാണിച്ചതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
എണ്ണ ഗതാഗതത്തിന്റെ 20 ശതമാനം കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ മൂലം ആഗോള വളര്‍ച്ച കുറയാനും വിലക്കയറ്റം ഉയരാനുമുള്ള ആശങ്കകള്‍ ഈ സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം ആഴ്ചയില്‍ 200- 300 എന്ന നിലയില്‍ നിന്ന് ആഴ്ചയില്‍ ഒന്ന് എന്ന നിലയിലേക്ക് കുറഞ്ഞതായി അവലോകനം ചൂണ്ടിക്കാട്ടി. ഇതോടെ ആഗോള എണ്ണ- വാതക വിതരണത്തില്‍ കടുത്ത ക്ഷാമവും വിലവര്‍ധനയും ഉണ്ടായി.
സംഘര്‍ഷത്തിന്റെ ആഘാതം എണ്ണ, വാതകം, രാസവളങ്ങള്‍ എന്നിവയുടെ വിതരണ തടസ്സങ്ങള്‍, ഉയര്‍ന്ന ഇറക്കുമതി വില, ഉയര്‍ന്ന ഗതാഗതച്ചെലവ്, ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ പണമിടപാടുകളില്‍ സാധ്യതയുള്ള ഇടിവ് എന്നിവ വഴി അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
നല്ല വശമായി സ്റ്റീല്‍, സിമന്റ് ഉത്പാദനത്തിലെ ശക്തമായ വളര്‍ച്ചയും കല്‍ക്കരി, രാസവളങ്ങള്‍ എന്നിവയിലെ സ്ഥിരതയുള്ള വിപുലീകരണവും അടിസ്ഥാന സൗകര്യ- നിര്‍മാണ മേഖലയിലെ തുടര്‍ച്ചയായ ഗതിയെ സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് സാമ്പത്തിക മേഖലയും സ്ഥിരത പുലര്‍ത്തി. ഫെബ്രുവരിയില്‍ ബാങ്ക് വായ്പാ വളര്‍ച്ച വര്‍ഷാന്തരമായി 14.5 ശതമാനമായി. വാണിജ്യ മേഖലയിലേക്കുള്ള ആകെ സാമ്പത്തിക വിഭവങ്ങളുടെ പ്രവാഹം 33.2 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറഞ്ഞു.
എങ്കിലും ഭക്ഷ്യവില ഉയര്‍ന്നതിന്റെ ഫലമായി 2026 ഫെബ്രുവരിയില്‍ ചില്ലറ വിലക്കയറ്റം 3.21 ശതമാനമായി 10 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തയെന്ന് അവലോകനം വ്യക്തമാക്കി.
സമീപകാലത്ത് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആശങ്കകള്‍ പ്രകടിപ്പിച്ചു. യുദ്ധം സൃഷ്ടിച്ച ബുദ്ധിമുട്ടുള്ള ആഗോള സാഹചര്യങ്ങള്‍ ദീര്‍ഘകാലം തുടരാനാണ് സാധ്യതയെന്നും ദീര്‍ഘകാല പ്രത്യാഘാതങ്ങളെ നേരിടാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ലോകമെമ്പാടും ഗൗരവമുള്ള ഊര്‍ജ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍, വാതകം, രാസവളങ്ങള്‍ എന്നിവയുടെ സാധാരണ വിതരണം ബാധിച്ചിട്ടുണ്ട്. തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
