ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാർ: ഡൽഹിയിൽ അടിയന്തര ലാൻഡിംഗ്

ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാർ: ഡൽഹിയിൽ അടിയന്തര ലാൻഡിംഗ്


ന്യൂഡൽഹി: വിശാഖപട്ടണത്തിൽ നിന്ന് ഡൽഹിയിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാർ ഉണ്ടായതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി. ശനിയാഴ്ച രാവിലെ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സുരക്ഷിതമായി വിമാനം ഇറക്കിയത്.

6E 579 എന്ന ഇൻഡിഗോ വിമാനത്തിൽ 161 യാത്രക്കാരുണ്ടായിരുന്നു. ലാൻഡിംഗിന് മുൻപായി സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ മുൻകരുതൽ നടപടിയായി പ്രാഥമിക ലാൻഡിംഗ് അനുമതി അഭ്യർത്ഥിക്കുകയായിരുന്നു. രാവിലെ 10.39 ഓടെയാണ് റൺവേ 28ൽ വിമാനം ഇറങ്ങിയത്.

സംഭവത്തെ തുടർന്ന് ഫയർ ഡിപ്പാർട്ട്‌മെന്റിന് 10.53ന് വിവരം ലഭിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പിന്നീട് സാധാരണ നിലയിലായി.

സംഭവത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് ഇൻഡിഗോ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതായും വിമാന കമ്പനി അറിയിച്ചു.