സ്വവംശ വിവാഹ വിവാദം: ക്‌നാനായ സഭയുടെ പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

സ്വവംശ വിവാഹ വിവാദം: ക്‌നാനായ സഭയുടെ പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്ന്  ഹൈക്കോടതി


കൊച്ചി: സ്വന്തം  സമുദായത്തിൽ നിന്ന് വിവാഹം കഴിക്കാത്തവരെ പുറത്താക്കുന്ന ക്‌നാനായ കത്തോലിക്കാ സഭയുടെ നടപടിക്ക് നിയമപരമായ പിന്തുണയില്ലെന്ന് ഹൈക്കോടതി. സമുദായത്തിന് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിച്ചാലും സഭയിലെ അംഗത്വം നഷ്ടമാകില്ലെന്ന  നിർണായക വിധി കോടതി പ്രഖ്യാപിച്ചു.

ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യവും സ്വത്വവും സംരക്ഷിക്കാനാണ് ഈ ആചാരം പിന്തുടരുന്നതെന്ന കോട്ടയം രൂപതയുടെ വാദം കോടതി അംഗീകരിച്ചില്ല. ഇതിനുമുമ്പ് സമാന വിഷയത്തിൽ പുറത്താക്കൽ നടപടികൾക്ക് നിയമസാധുതയില്ലെന്ന് കോട്ടയം അഡീഷണൽ ജില്ലാ കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ രൂപത സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

ജനനം വഴിയാണ് ക്‌നാനായ സഭയിലെ അംഗത്വം ലഭിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടന നൽകിയ അവകാശപ്രകാരം ഒരാൾ മറ്റൊരു കത്തോലിക്കനെ വിവാഹം കഴിക്കുന്നതിലൂടെ ആ അംഗത്വം റദ്ദാക്കാൻ സഭയ്ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ക്‌നാനായ കത്തോലിക്കരും മറ്റു കത്തോലിക്കരും വിശ്വാസങ്ങളിലും പ്രാർത്ഥനകളിലും കൂദാശകളിലും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി.

സ്വവംശ വിവാഹ രീതി മതനിയമമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അത് ഒരു ആചാരപരമായ രീതിയാണെന്നുമുള്ള വത്തിക്കാന്റെ നിലപാടും കോടതി വിധിയിൽ പരാമർശിച്ചു. സമുദായത്തിന് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവാഹ കൂദാശകൾ നൽകണമെന്ന് ഇടവക വികാരിമാർക്ക് നിർദേശം നൽകി.

ഇതിനുമുമ്പ് ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ടവരെ വീണ്ടും അംഗങ്ങളാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വ്യക്തിസ്വാതന്ത്ര്യവും സമത്വവും ലംഘിക്കുന്ന രീതിയിലുള്ള ആചാരങ്ങൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.