തെഹ്‌റാന്‍/ ടെല്‍ അവീവ്: ഇറാനിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.
യുറേനിയം സമ്പുഷ്ടീകരണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന സൗകര്യമായ മധ്യ ഇറാനിലെ യാസ്ദ് പ്രദേശത്തുള്ള യുറേനിയം പ്രൊസസിംഗ് പ്ലാന്റ് ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐ ഡി എഫ്) പ്രസ്താവനയില്‍ വ്യക്തമാക്കി.
യാസ്ദിന് സമീപമുള്ള യെല്ലോകേക്ക് ഉത്പാദന കേന്ദ്രം ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. യുറേനിയം ഖനിയില്‍ നിന്ന് ലഭിക്കുന്ന ഖനിജം ആസിഡ് ഉപയോഗിച്ച് വേര്‍തിരിച്ച് ലഭിക്കുന്ന പൊടിയാണ് യെല്ലോകേക്ക്. ഇത് പിന്നീട് ശുദ്ധീകരിച്ച് ആണവായുധ നിര്‍മാണത്തിനോ ഊര്‍ജ്ജോത്പാദനത്തിനോ ഉപയോഗിക്കാം.
മധ്യ ഇറാനിലെ അറാക് പ്രദേശത്തുള്ള ഹെവി വാട്ടര്‍ പ്ലാന്റിനും ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. ഈ കേന്ദ്രം പ്ലൂട്ടോണിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രധാന സൗകര്യമാണെന്ന് ഐ ഡി എഫ് വ്യക്തമാക്കി.
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി (ഇര്‍ന) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് രണ്ട് കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിച്ചെങ്കിലും റേഡിയോ ആക്റ്റീവ് വസ്തുക്കള്‍ പുറത്ത് ചോര്‍ന്നിട്ടില്ല.
ഫാര്‍സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഖോന്ദാബ് ഹെവി വാട്ടര്‍ കോംപ്ലക്‌സ് രണ്ട് ഘട്ടങ്ങളിലായി ആക്രമിക്കപ്പെട്ടതായി അറിയിച്ചു. യാസ്ദ് പ്രവിശ്യയിലെ ആര്‍ദകന്‍ യെല്ലോകേക്ക് പ്ലാന്റും ആക്രമണത്തിനിരയായതായി അധികൃതര്‍ വ്യക്തമാക്കി.
ആക്രമണം നടന്നിട്ടുണ്ടെങ്കിലും റേഡിയേഷന്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ ആറ്റോമിക് എനര്‍ജി സംഘടനയും പ്രസ്താവനയില്‍ പറഞ്ഞു.
