സോജില പാസില്‍ ഹിമപാതം: ഏഴ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സോജില പാസില്‍ ഹിമപാതം: ഏഴ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്


ശ്രീനഗര്‍: ശ്രീനഗര്‍- ലേ ദേശീയപാതയില്‍ സോജില പാസിന് സമീപം ഉണ്ടായ ശക്തമായ ഹിമപാതത്തില്‍ കുറഞ്ഞത് ഏഴ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ലഡാക്ക് ഭാഗത്തെ സീറോ പോയിന്റ് മുതല്‍ മിനിമാര്‍ഗ് വരെയുള്ള ഭാഗത്താണ് ഹിമപാതം ഉണ്ടായത്. ഏകദേശം 12 മുതല്‍ 15 വരെ വാഹനങ്ങള്‍ മഞ്ഞിനടിയില്‍ ഭാഗികമായോ പൂര്‍ണ്ണമായോ മൂടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

സംഭവം സ്ഥിരീകരിച്ച വി കെ സക്‌സേന സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ചു.

ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും മഞ്ഞ് നീക്കം ചെയ്ത് വാഹനങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ജില്ലാ ഭരണകൂടത്തെയും പൊലീസ് ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലത്തെത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ദുരന്തനിവാരണ സേനകളും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും ഉള്‍പ്പെടെ എല്ലാ ഏജന്‍സികളെയും ഹൈ അലര്‍ട്ടില്‍ വച്ചിട്ടുണ്ട്.

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച അദ്ദേഹം പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.