ആഭ്യന്തര സുരക്ഷാ വകുപ്പിന് ധനസഹായം അനുവദിച്ച് സെനറ്റ് വോട്ട് ചെയ്തു; വിമാനത്താവളത്തിലെ നീണ്ട നിരയ്ക്ക് അറുതിയാകും

ആഭ്യന്തര സുരക്ഷാ വകുപ്പിന് ധനസഹായം അനുവദിച്ച് സെനറ്റ് വോട്ട് ചെയ്തു; വിമാനത്താവളത്തിലെ നീണ്ട നിരയ്ക്ക് അറുതിയാകും


വാഷിംഗ്ടണ്‍: നാല്‍പ്പത് ദിവസമായി തുടരുന്ന ഭാഗിക സര്‍ക്കാര്‍ അടച്ചുപൂട്ടലിന് വിരാമമിടാന്‍ യു എസ് സെനറ്റ് വോട്ട് ചെയ്തു. ആഭ്യന്തര സുരക്ഷാ വകുപ്പിന് (ഡി എച്ച് എസ്) ധനസഹായം അനുവദിച്ചെങ്കിലും കുടിയേറ്റ നിയന്ത്രണ ഏജന്‍സിയായ ഐസ്‌നെ ഇതില്‍ നിന്ന് ഒഴിവാക്കി.

ആറാഴ്ച നീണ്ട ധനസഹായ അഭാവം അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ വ്യാപകമായ തടസ്സങ്ങളാണ് സൃഷ്ടിച്ചത്. സുരക്ഷാ ജീവനക്കാരുടെ ശമ്പളം ഡി എച്ച് എസ് വഴിയാണ് നല്‍കുന്നത്. അടച്ചുപൂട്ടല്‍ ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് ജീവനക്കാരാണ് ജോലി ഉപേക്ഷിച്ചത്.

ഐസ് ഏജന്‍സിയില്‍ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്താതെ ധനസഹായ കരാറിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു ഡെമോക്രാറ്റുകള്‍. എന്നാല്‍, ഐസിനെയും അതിര്‍ത്തി സുരക്ഷയുടെ ചില ഭാഗങ്ങളെയും ബില്ലില്‍ നിന്ന് ഒഴിവാക്കിയതോടെ വെള്ളിയാഴ്ച പുലര്‍ച്ചെ സെനറ്റ് ഏകകണ്ഠമായി ധാരണയിലെത്തി.

ധനസഹായ ബില്‍ ഇനി പ്രതിനിധി സഭയുടെ അംഗീകാരത്തിനായി പോകും.

യു എസിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നിര മണിക്കൂറുകളോളം നീണ്ടതിന് കാരണമായ അവസ്ഥയ്ക്ക് ഇതിലൂടെ അറുതി വരുമെന്ന പ്രതീക്ഷയാണുള്ളത്. ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടി എസ് എ) ഉദ്യോഗസ്ഥരുടെ കുറവാണ് പ്രധാന കാരണം.

ഡി എച്ച് എസിന് കീഴിലുള്ള ടി എസ് എയിലെ ഏകദേശം അരലക്ഷം ഉദ്യോഗസ്ഥരില്‍ നിരവധി പേര്‍ ഫെബ്രുവരി മധ്യത്തോടെയാണ് ശമ്പളം ലഭിക്കാതെ വന്നതോടെ ജോലി ചെയ്യാന്‍ എത്തുന്നത് കുറയുകയും രാജിവെക്കുകയും ചെയ്തത്. ഇതോടെയാണ് സ്ഥിതി വഷളായത്. 

ഹ്യൂസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം യാത്രക്കാര്‍ രണ്ട് മണിക്കൂര്‍ വരെ നീണ്ട നിരയില്‍ കാത്തുനിന്ന ശേഷം മറ്റൊരു നീണ്ട നിരയിലേക്ക് നീങ്ങേണ്ടിവന്ന അവസ്ഥയുണ്ടായിരുന്നു. നിലവില്‍ വിമാനത്താവളം ടി എസ് എ ചെക്ക്‌പോയിന്റുകളുടെ 33 മുതല്‍ 50 ശതമാനം വരെ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് ഹ്യൂസ്റ്റണ്‍ എയര്‍പോര്‍ട്ട് സിസ്റ്റത്തിന്റെ ഏവിയേഷന്‍ ഡയറക്ടര്‍ ജിം ഷെഷ്‌നിയാക് അറിയിച്ചു.

സെനറ്റ് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടി എസ് എ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളം ഉടന്‍ നല്‍കാന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പുവെക്കുമെന്ന് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ടി എസ് എ ഉദ്യോഗസ്ഥരെയും യു എസ് വിമാനയാത്രയെയും രക്ഷിക്കാന്‍ പ്രസിഡന്റിന് ഇടപെടേണ്ട സാഹചര്യം ഉണ്ടാകരുതായിരുന്നുവെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ ത്യൂണ്‍ വോട്ടെടുപ്പിന് ശേഷം പറഞ്ഞു. ഡെമോക്രാറ്റുകള്‍ ധാരണയിലെത്താന്‍ വിസമ്മതിച്ചതിനാലാണ് ഈ അവസ്ഥയെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമര്‍ ടി എസ് എ, യുഎസ് കോസ്റ്റ് ഗാര്‍ഡ്, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി എന്നിവയ്ക്കുള്ള ധനസഹായം ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു.

മിനിയാപോളിസില്‍ നടന്ന രണ്ട് വെടിവെപ്പ് മരണങ്ങളെത്തുടര്‍ന്ന് ഐസ് ഏജന്‍സിക്കെതിരെ വിവാദം ശക്തമായ പശ്ചാത്തലത്തില്‍ നിയന്ത്രണമില്ലാത്ത ഐസിനും അതിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ക്കും 'ശൂന്യ ചെക്ക് അനുവദിക്കില്ല' എന്നാണ് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കിയതെന്നും ഷൂമര്‍ കൂട്ടിച്ചേര്‍ത്തു.

ഐസ് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ മാസ്‌ക് ധരിക്കുന്നത് നിരോധിക്കുക, വര്‍ഗീയ പ്രൊഫൈലിംഗ് ഒഴിവാക്കുക, സ്വകാര്യ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ മുമ്പ് കോടതി വാറന്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നതാണ് ഡെമോക്രാറ്റുകളുടെ ആവശ്യം.