ഇറാൻ സംഘർഷത്തിൽ ഇടവേള നീട്ടി ട്രംപ്; ചർച്ചകളെന്ന അവകാശവാദത്തിനിടെ മിഡിൽ ഈസ്റ്റിൽ ആക്രമണങ്ങൾ ശക്തം

ഇറാൻ സംഘർഷത്തിൽ ഇടവേള നീട്ടി ട്രംപ്; ചർച്ചകളെന്ന അവകാശവാദത്തിനിടെ മിഡിൽ ഈസ്റ്റിൽ ആക്രമണങ്ങൾ ശക്തം


വാഷിംഗ്ടൺ/ടെഹ്രാൻ: ഇറാനിലെ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിൽ ഇടവേള 10 ദിവസത്തേക്ക് കൂടി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മുമ്പ് പ്രഖ്യാപിച്ചിരുന്ന അഞ്ചുദിവസത്തെ ഇടവേള ഏപ്രിൽ 6 വരെ ദീർഘിപ്പിച്ചതോടെ, ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷം താൽക്കാലികമായി ശമിക്കുമെന്ന പ്രതീക്ഷ ഉയർന്നു. ഇറാൻ ഏഴ് ദിവസത്തെ ഇടവേള ആവശ്യപ്പെട്ടപ്പോൾ താൻ 10 ദിവസം അനുവദിച്ചതായും, ചർച്ചകൾ 'താരതമ്യേന നല്ല രീതിയിൽ' പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുവെന്ന അവകാശവാദം ഇറാൻ നിഷേധിച്ചു. ചർച്ചകളുടെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ കടത്തിവിടാൻ ഇറാൻ അനുമതി നൽകിയതായി ട്രംപ് പറഞ്ഞെങ്കിലും, ഇതുസംബന്ധിച്ചും ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

ഇതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം തുടരുകയാണ്. സൗദി അറേബ്യയിൽ നിരവധി ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞതായി അധികൃതർ അറിയിച്ചു. കുവൈറ്റിലും മിസൈൽ, ഡ്രോൺ ഭീഷണികൾ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടെഹ്‌റാൻ നഗരത്തിൽ ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ആകാശ പ്രതിരോധ സംവിധാനം ഉപയോഗിച്ച് 'ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ' നേരിടുകയാണെന്ന് ഇറാൻ മാധ്യമങ്ങൾ അറിയിച്ചു. നഗരവാസികൾ ഭീതിയിലാണ്; സ്‌ഫോടനങ്ങൾ പതിവായി കേൾക്കുന്നത് ജീവിതത്തിന്റെ ഭാഗമാകുന്നുവെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നു. ഇതിനിടെ ഇന്റർനെറ്റ് നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 'ശത്രുരാജ്യങ്ങളിൽ' പോയി മത്സരിക്കുന്നതിന് ഇറാൻ കായിക താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഇതോടെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം അനിശ്ചിതമായി.

ഇസ്രായേലിലും ആശങ്ക ഉയരുന്നു. സൈന്യം അതീവ സമ്മർദ്ദത്തിലാണെന്നും, വ്യക്തമായ തന്ത്രമില്ലാതെ ഒരേസമയം പല മുന്നണികളിൽ യുദ്ധം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് യായർ ലാപിഡ്  ആരോപിച്ചു.

അതേസമയം, അമേരിക്കൻ നിലപാട് സംബന്ധിച്ച് സംശയവും ഉയരുന്നുണ്ട്.   ഇടവേള നീട്ടിയതുകൊണ്ട് യഥാർത്ഥ ചർച്ചകൾ നടക്കുന്നുവെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും, ഏതുനേരവും സൈനിക നടപടി ശക്തമാകാൻ സാധ്യതയുണ്ടെന്നും മുൻ യു.എസ്. പ്രതിനിധി റോബർട്ട് മാലി മുന്നറിയിപ്പ് നൽകി.