ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കടുത്തതോടെ സുരക്ഷാ മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്. സംഘര്‍ഷം ആഗോളതലത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. യുദ്ധം മൂന്നാഴ്ച പിന്നിട്ടതോടെ ഉണ്ടായേക്കാവുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ യോഗം വിലയിരുത്തും.
യുദ്ധം മൂലം ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടത് ഇന്ത്യയുടെ ഇറക്കുമതിയെയും വ്യാപാരത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍, പാചകവാതകം, രാസവളങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടും.
വിപണിയില്‍ അനാവശ്യമായ വിലക്കയറ്റം തടയുന്നതിനും പൂഴ്ത്തി വയ്പ് ഒഴിവാക്കുന്നതിനും സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ടീം ഇന്ത്യ എന്ന നിലയില്‍ ഈ പ്രതിസന്ധിയെ നേരിടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു പ്രധാന ആശങ്ക.
ഇതിനകം മൂന്നേമുക്കാല്‍ ലക്ഷം ഇന്ത്യക്കാര്‍ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ സുരക്ഷയും മടങ്ങി വരുന്നവര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ, ഇന്ധന- ഊര്‍ജ്ജ സുരക്ഷയ്ക്കായി ഏഴ് ശാക്തീകരണ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
