ന്യൂഡല്‍ഹി: ലണ്ടനിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം ഏഴ് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഡല്‍ഹിയില്‍ തിരിച്ചിറക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം പാതിവഴിയില്‍ തിരികെ വരുന്നത്.
എയര്‍ ഇന്ത്യയുടെ എ 350 എയര്‍ക്രാഫ്റ്റ് രാവിലെ 6.13നാണ് ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നത്. 3,300 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് വിമാനം തിരിച്ചുവിളിച്ചത്. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത്ര ദൂരം സഞ്ചരിച്ച വിമാനത്തെ തിരിച്ചുവിളിക്കാനുള്ള കാരണം എന്താണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ വിമാനത്തില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഭക്ഷണവുമെല്ലാം നല്‍കിയതായി വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്‍പ് കാനഡയിലേക്കുള്ള വിമാനവും എയര്‍ ഇന്ത്യ തിരിച്ചിറക്കിയിരുന്നു. ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ എത്തിയതിനു പിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്.
